Sunday, April 5, 2026

ദുരഭിമാനക്കൊല; ആന്ധ്രയിൽ മകളെ പിതാവ് ശ്വാസംമുട്ടിച്ച് കൊന്നു, പൊലീസുകാരന് സസ്‌പെൻഷൻ

മാച്ചർല: ഇഷ്ടപ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ 22-കാരിയായ യുവതിയെ പിതാവ് ക്രൂരമായി കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിലെ മാച്ചർലയിലാണ് സംഭവം. ചൗഡേശ്വരി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൊലപാതകം മറച്ചുവെക്കാൻ സഹായിച്ച സർക്കിൾ ഇൻസ്പെക്ടറെ (സി.ഐ) സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ മാസം നാലിനാണ് ചൗഡേശ്വരി വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് കാമുകനെ വിവാഹം കഴിച്ചത്. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ മാർച്ച് 15-ന് ദമ്പതികളെ കണ്ടെത്തി. എന്നാൽ, പ്രായപൂർത്തിയായ യുവതിയുടെ താത്‌പര്യം പരിഗണിക്കാതെ മാച്ചർല ടൗൺ സി.ഐ യുവതിയെ ഭീഷണിപ്പെടുത്തി നിർബന്ധപൂർവ്വം മാതാപിതാക്കൾക്കൊപ്പം വിട്ടു. വീട്ടിലെത്തി മൂന്ന് ദിവസത്തിന് ശേഷം മാർച്ച് 18-ന് ചൗഡേശ്വരിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മകൾ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു വീട്ടുകാരുടെ വാദം.

എന്നാൽ അയൽവാസികൾക്കും മറ്റും തോന്നിയ സംശയത്തെത്തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. യുവതിയുടെ പിതാവായ ചന്ദ്രശ്രീനുവിൽ നിന്നും ബന്ധുവിൽ നിന്നും കൈക്കൂലി വാങ്ങി കൊലപാതകം ആത്മഹത്യയാക്കി തീർക്കാൻ സി.ഐ ശ്രമിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. തെളിവ് നശിപ്പിക്കാനും കുറ്റവാളികളെ സംരക്ഷിക്കാനും ശ്രമിച്ചതിനാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. നിലവിൽ ചന്ദ്രശ്രീനുവിനെയും മറ്റൊരു ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി അന്വേഷണം പുരോഗമിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!