Sunday, April 5, 2026

വിദേശ നായകൾക്ക് കാനഡയിൽ ‘നോ എൻട്രി’; ഇറക്കുമതി വിലക്ക് നീട്ടി

ഓട്ടവ: വിദേശ രാജ്യങ്ങളിൽ നിന്നുള്ള നായകളുടെ ഇറക്കുമതിക്ക് ഏർപ്പെടുത്തിയ കർശന വിലക്ക് കാനഡ നീട്ടി. പേവിഷബാധ പടരാനുള്ള സാധ്യത കണക്കിലെടുത്ത് 2022-ൽ കൊണ്ടുവന്ന താൽക്കാലിക നിയന്ത്രണമാണ് കനേഡിയൻ ഫുഡ് ഇൻസ്‌പെക്ഷൻ ഏജൻസി (CFIA) അനിശ്ചിതകാലത്തേക്ക് നീട്ടിയത്. ഇതോടെ ദത്തെടുക്കാനോ വിൽപനയ്ക്കോ പ്രദർശനത്തിനോ ആയി വിദേശത്തുനിന്ന് നായകളെ കാനഡയിലേക്ക് കൊണ്ടുവരാനാകില്ല.

പൊതുജനങ്ങളുടെയും കാനഡയിലെ മറ്റ് വളർത്തുമൃഗങ്ങളുടെയും സുരക്ഷ മുൻനിർത്തിയാണ് ഈ നടപടിയെന്ന് സർക്കാർ വ്യക്തമാക്കുന്നു.
2021-ൽ ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്ത നായകളിൽ പേവിഷബാധ സ്ഥിരീകരിച്ചതാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് സർക്കാരിനെ നയിച്ചത്.

പേവിഷബാധയേറ്റാൽ മരണം ഉറപ്പാണെന്നും വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ ലക്ഷണങ്ങൾ പുറത്തുവരാൻ ആറുമാസം വരെ എടുക്കാമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ സാധാരണ പരിശോധനകൾ കൊണ്ട് മാത്രം സുരക്ഷ ഉറപ്പാക്കാനാകില്ലെന്നാണ് വിദഗ്ധരുടെ പക്ഷം.

സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ‘അനിമൽ ജസ്റ്റിസ്’ പോലുള്ള സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. യുദ്ധം നടക്കുന്ന രാജ്യങ്ങളിൽ നിന്നും ഇറച്ചിക്കായി വളർത്തുന്ന കേന്ദ്രങ്ങളിൽ നിന്നും നായകളെ രക്ഷപ്പെടുത്തി കാനഡയിൽ സുരക്ഷിതമായ വീടുകൾ കണ്ടെത്താനുള്ള തങ്ങളുടെ ശ്രമങ്ങൾക്ക് ഈ നിയമം തിരിച്ചടിയാണെന്ന് ഇവർ വാദിക്കുന്നു. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും വാക്സിനേഷൻ രേഖകൾ പരിശോധിച്ച് നായകളെ പ്രവേശിപ്പിക്കുമ്പോൾ കാനഡ മാത്രം എന്തിന് സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തുന്നു എന്നാണ് ഇവരുടെ ചോദ്യം.

വിഷയം കോടതിയുടെ പരിഗണനയ്ക്ക് എത്തിയെങ്കിലും സർക്കാരിന്റെ സുരക്ഷാ മാനദണ്ഡങ്ങളെ ശരിവെക്കുന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. നിലവിൽ നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള നായകൾക്ക് ഈ വിലക്ക് ബാധകമാണ്. ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാരങ്ങൾ ആലോചിക്കുന്നുണ്ടെന്ന് ഏജൻസി പറയുമ്പോഴും, തങ്ങളുടെ രക്ഷാപ്രവർത്തനം വഴിമുട്ടിയതിന്റെ ആശങ്കയിലാണ് മൃഗസ്നേഹികൾ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!