കാഠ്മണ്ഡു: ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ പെട്രോളിയം ഉൽപ്പന്നങ്ങളുടെ ക്ഷാമം പരിഹരിക്കുന്നതിനായി സർക്കാർ ഓഫീസുകൾക്ക് ആഴ്ചയിൽ രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് നേപ്പാൾ. നേരത്തെ ശനിയാഴ്ച മാത്രം അവധിയായിരുന്ന രാജ്യത്ത് ഇനി മുതൽ ശനിയും ഞായറും അവധി ദിവസങ്ങളായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ധന വിതരണത്തിലെ തടസ്സങ്ങൾ മൂലമുണ്ടായ അസാധാരണ സാഹചര്യം കണക്കിലെടുത്താണ് ഈ സുപ്രധാന തീരുമാനമെന്ന് സർക്കാർ വക്താവ് സസ്മിത പൊഖ്‌റേൽ വ്യക്തമാക്കി.
പുതിയ ക്രമീകരണമനുസരിച്ച് സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം രാവിലെ 9 മുതൽ വൈകിട്ട് 5 വരെയായി പുനർനിശ്ചയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനി, ഞായർ ദിവസങ്ങളിൽ അവധി ബാധകമായിരിക്കും. നേരത്തെ പത്ത് മണിക്ക് ആരംഭിച്ചിരുന്ന ഓഫീസ് സമയം ഒരു മണിക്കൂർ നേരത്തെയാക്കിയതിലൂടെ സേവനങ്ങളിൽ കുറവുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ ഈ പുതിയ നിയമം നിലവിൽ വരും.

അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള ഇന്ധനവിലയിൽ നേപ്പാൾ 117.4% വരെ വർധന വരുത്തിയിട്ടുണ്ട്. വിതരണം തടസ്സപ്പെടാതിരിക്കാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷന് കൃത്യസമയത്ത് പണമടയ്ക്കേണ്ടതുണ്ടെന്ന് നേപ്പാൾ ഓയിൽ കോർപ്പറേഷൻ അറിയിച്ചു. കാഠ്മണ്ഡു, പൊഖാറ, ഭൈരഹവ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് ഈ വിലവർധന ബാധകമാണ്. ഇന്ധന ഉപയോഗം കുറച്ച് സാമ്പത്തിക ആഘാതം ലഘൂകരിക്കാനാണ് നേപ്പാൾ ലക്ഷ്യമിടുന്നത്.
