ലൊസാഞ്ചലസ്: ഹോളിവുഡ് സിനിമാ മേഖലയെ സ്തംഭിപ്പിച്ചേക്കാവുന്ന സമരഭീഷണി ഒഴിവാക്കി തിരക്കഥാകൃത്തുക്കളുടെ സംഘടനയായ റൈറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്കയും (WGA) പ്രമുഖ സ്റ്റുഡിയോകളും തമ്മിൽ പുതിയ കരാറിലെത്തി. മൂന്നാഴ്ച നീണ്ട ചർച്ചകൾക്കൊടുവിലാണ് നാല് വർഷത്തെ താൽക്കാലിക കരാറിന് ഇരുപക്ഷവും അംഗീകാരം നൽകിയത്.തിരക്കഥാകൃത്തുക്കളുടെ ആരോഗ്യ പരിരക്ഷാ പദ്ധതികൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും തിരക്കഥാ രചനയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നതിനെതിരെ എഴുത്തുകാർക്ക് കൂടുതൽ സംരക്ഷണം നൽകുന്നതിനുമാണ് പ്രധാന പരിഗണനകൾ. എഴുത്തുകാരുടെ ജോലി എഐ കൈക്കലാക്കില്ലെന്ന് ഉറപ്പുവരുത്തുന്ന നിബന്ധനകൾ കരാറിലുണ്ട്. നിലവിലുണ്ടായിരുന്ന ‘സൗജന്യ ജോലി’ വെല്ലുവിളികൾ പരിഹരിക്കുന്നതിനും മികച്ച പ്രതിഫലം ഉറപ്പാക്കുന്നതിനുമുള്ള വ്യവസ്ഥകൾ കരാറിലുണ്ട്. മൂന്ന് വർഷം മുൻപ് ഹോളിവുഡിലെ തിരക്കഥാകൃത്തുക്കളും നടീനടന്മാരും മാസങ്ങളോളം നടത്തിയ ചരിത്രപരമായ സമരം സിനിമാ വ്യവസായത്തെ പൂർണ്ണമായും നിശ്ചലമാക്കിയിരുന്നു. അന്ന് നേടിയെടുത്ത അവകാശങ്ങളുടെ തുടർച്ചയായാണ് ഈ പുതിയ കരാറിനെ കാണുന്നത്. നേരെത്തെയുള്ള കരാർ മെയ് മാസത്തിൽ അവസാനിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി പുതിയ സമവായമുണ്ടായത്.

തിരക്കഥാകൃത്തുക്കൾ കരാറിലെത്തിയതോടെ, ജൂൺ മാസത്തിൽ കരാർ അവസാനിക്കുന്ന നടീനടന്മാരുടെ സംഘടനയായ (SAG-AFTRA) സ്റ്റുഡിയോകളുമായി ഉടൻ ചർച്ചകൾ ആരംഭിക്കും. നടൻ ഷോൺ ആസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘടനയും അനുകൂലമായ നിലപാടിലാണ്. ഈ പുതിയ കരാർ ഹോളിവുഡ് സിനിമാ വ്യവസായത്തിന് ദീർഘകാലാടിസ്ഥാനത്തിൽ ഗുണകരമാകുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. തിരക്കഥാകൃത്തുക്കളുടെ സംഘടനയുടെ ബോർഡും അംഗങ്ങളും ഔദ്യോഗികമായി അംഗീകരിക്കുന്നതോടെ കരാർ പ്രാബല്യത്തിൽ വരും.
