കൊച്ചി: യുവ നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ പ്രതിയായ സംവിധായകന്‍ രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ എടുക്കാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നു. ഡിജിറ്റല്‍ തെളിവുകളുടെ വിശദാംശങ്ങള്‍ ലഭിച്ച ശേഷമാണ് തുടര്‍നടപടി സ്വീകരിക്കാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
സംഭവത്തിന് പിന്നാലെ അതേ ദിവസം തന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതായി അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഡിസിപി അശ്വതി ജിജി അറിയിച്ചു. എന്നാല്‍ യുവതി ഫോണ്‍ എടുത്തില്ല. പരാതിയില്‍ വൈകിയതില്‍ അസ്വഭാവികതയില്ലെന്നും അവര്‍ വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് ബോബി കുര്യനും ശാലിനിയും ഉള്‍പ്പെടെയുള്ളവരെ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം. സംഭവസ്ഥലമായ കാരവാനിന്റെ പുറത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ക്ക് ബാക്ക്അപ്പ് ലഭ്യമല്ലെന്നും അന്വേഷണ സംഘം അറിയിച്ചു.
കാരവാനില്‍ സംഭവസമയത്ത് രഞ്ജിത്ത് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നതാണ് നിലവിലെ തെളിവുകളെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ പറഞ്ഞു. സെറ്റിലുണ്ടായിരുന്ന ചിലര്‍ക്ക് സംഭവത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
