Tuesday, April 7, 2026

ഓഫീസിലെത്തിയാൽ കൈനിറയെ പണം; ജീവനക്കാരെ ആകർഷിക്കാൻ തന്ത്രവുമായി യുഎസ് കമ്പനി

സാൻ ഫ്രാൻസിസ്കോ: വർക്ക് ഫ്രം ഹോം അവസാനിപ്പിച്ച് ജീവനക്കാരെ ഓഫീസിലേക്ക് തിരികെ എത്തിക്കാൻ പുതിയ വഴിയുമായി യുഎസ് ആസ്ഥാനമായുള്ള എഐ സ്റ്റാർട്ടപ്പ് ‘സൂപ്പർഹ്യൂമൻ’. ഓഫീസിലെത്തുന്നവർക്ക് അധിക ആനുകൂല്യങ്ങളും പണവും നൽകുന്ന പദ്ധതി അവതരിപ്പിച്ചതോടെ കമ്പനിയിലെ ഹാജർനിലയിൽ 57 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.

നിർബന്ധപൂർവ്വം ഓഫീസിലേക്ക് വിളിപ്പിക്കുന്നതിന് പകരം താൽപ്പര്യമുള്ളവർക്ക് ചേരാവുന്ന ‘വേയ്സ് ഓഫ് വർക്കിംഗ്’ എന്ന പ്രോഗ്രാമാണ് കമ്പനി തുടങ്ങിയത്. ആഴ്ചയിൽ രണ്ട് ദിവസം ഓഫീസിലെത്തുന്നവർക്ക് പ്രതിവർഷം 2,000 ഡോളർ (ഏകദേശം 1.6 ലക്ഷം രൂപ) വരെ അധികമായി ലഭിക്കും. അഞ്ച് ദിവസവും എത്തുന്നവർക്കാകട്ടെ ഇത് 8,000 ഡോളർ (ഏകദേശം 6.6 ലക്ഷം രൂപ) വരെയാകാം.

യാത്രാ ചെലവ്, ജിം അംഗത്വം, കുട്ടികളുടെ പരിചരണം , വീട് വൃത്തിയാക്കൽ, പലചരക്ക് സാധനങ്ങൾ വീട്ടിലെത്തിക്കൽ തുടങ്ങിയ സേവനങ്ങൾക്കായി ഈ തുക ഉപയോഗിക്കാം. നേരത്തെ ആഴ്ചയിൽ രണ്ട് ദിവസം ഓഫീസിൽ വരണമെന്ന് കമ്പനി ഉത്തരവിട്ടിരുന്നെങ്കിലും ജീവനക്കാർ അത് കാര്യമാക്കിയിരുന്നില്ല. ഓഫീസുകൾ ശൂന്യമായി കിടന്നതോടെയാണ് ഹാജർ നിർബന്ധമാക്കുന്നതിന് പകരം പ്രോത്സാഹനങ്ങൾ നൽകാൻ കമ്പനി തീരുമാനിച്ചത്.

പണം നൽകുന്നതിന് പുറമെ ഓഫീസിലെ പാർക്കിങ് പ്രശ്നങ്ങൾ പരിഹരിക്കുകയും സജജീകരണങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു. ഇതോടെ 75 ശതമാനം ജീവനക്കാരും പദ്ധതിയുടെ ഭാഗമായി. മൂന്നിലൊന്ന് പേർ ആഴ്ചയിൽ 4-5 ദിവസം ഓഫീസിലെത്താൻ തയ്യാറായതായും കമ്പനി ചീഫ് പീപ്പിൾ ഓഫീസർ കെന്നി മെൻഡിസ് അറിയിച്ചു. ജീവനക്കാർ കൂടുതൽ ഉന്മേഷത്തോടെയും ഉൽപ്പാദനക്ഷമതയോടെയും ജോലി ചെയ്യാൻ ഈ മാറ്റം സഹായിച്ചതായാണ് കമ്പനിയുടെ വിലയിരുത്തൽ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!