തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ബൂത്ത് ലെവൽ ഓഫിസർമാർക്ക് (ബിഎൽഒ) ആശ്വാസവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെടുപ്പ് ദിവസം ബൂത്തുകൾക്ക് മുന്നിലെ വോട്ടർ സഹായ കേന്ദ്രങ്ങളിൽ രാവിലെ മുതൽ വൈകിട്ട് വരെ ഇരിക്കേണ്ടി വരുന്ന ഉദ്യോഗസ്ഥർക്ക് വെയിലിൽ നിന്നും മഴയിൽ നിന്നും സംരക്ഷണം നൽകാൻ കുടകൾ വിതരണം ചെയ്യും. സംസ്ഥാനത്തെ മുപ്പതിനായിരത്തോളം വരുന്ന ബിഎൽഒമാർക്കായി ആലപ്പുഴയിലെ പ്രശസ്ത നിർമ്മാതാക്കളിൽ നിന്നാണ് ഗുണമേന്മയുള്ള കുടകൾ വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്.
കുടയ്ക്ക് പുറമെ ബിഎൽഒമാരുടെ സേവനങ്ങൾക്കുള്ള പ്രതിഫലവും കമ്മീഷൻ പുതുക്കി നിശ്ചയിച്ചു. വോട്ടർ സ്ലിപ്പുകൾ 100 ശതമാനം വീടുകളിലും എത്തിക്കുന്നവർക്ക് 600 രൂപ പ്രതിഫലം നൽകും. സ്ലിപ്പുകൾ പൂർണ്ണമായി വിതരണം ചെയ്തില്ലെങ്കിൽ എണ്ണത്തിന് അനുസരിച്ചുള്ള തുകയായിരിക്കും ലഭിക്കുക. കൂടാതെ, വോട്ടെടുപ്പ് ദിവസം വോട്ടർമാരെ സഹായിക്കുന്ന പ്രത്യേക ഡ്യൂട്ടിക്ക് 900 രൂപയും ഉദ്യോഗസ്ഥർക്ക് അനുവദിച്ചിട്ടുണ്ട്.

പ്രായമായവർക്കും ഭിന്നശേഷിക്കാർക്കുമായി നടപ്പിലാക്കിയ ‘വീട്ടിലെ വോട്ട്’ പദ്ധതിയിൽ പങ്കെടുത്ത ബിഎൽഒമാർക്കും അർഹമായ വേതനം ലഭിക്കും. ആറ് ദിവസം നീണ്ടുനിന്ന ഈ വോട്ടെടുപ്പ് പ്രക്രിയയിൽ പോളിങ് സംഘത്തിനൊപ്പം വീടുകൾ സന്ദർശിച്ചവർക്ക് പ്രതിദിനം 650 രൂപ വീതമാണ് നൽകുക. 85 വയസ്സ് കഴിഞ്ഞവരും 40 ശതമാനത്തിലേറെ ഭിന്നശേഷിയുള്ളവരുമായ രണ്ടു ലക്ഷത്തിലധികം വോട്ടർമാരുടെ വീടുകളിലാണ് ഇത്തരത്തിൽ വോട്ടെടുപ്പ് നടന്നത്.
