കാനഡയിലെ പ്രശസ്തമായ വണ്ടർലാൻഡ് അമ്യൂസ്‌മെന്റ് പാർക്കിൽ സന്ദർശകർക്കായി പുതിയ കർശന നിബന്ധനകൾ പ്രാബല്യത്തിൽ വന്നു. പാർക്കിലെത്തുന്ന കുട്ടികളുടെ മോശം പെരുമാറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് 2026 സീസൺ മുതൽ സഹായി കൂടെയുണ്ടാകണമെന്ന നിയമം പാർക്ക് അധികൃതർ നിർബന്ധമാക്കി. 15 വയസ്സോ അതിൽ താഴെയോ പ്രായമുള്ള കുട്ടികൾക്ക് വൈകുന്നേരം 4 മണിക്ക് ശേഷം പാർക്കിൽ പ്രവേശിക്കണമെങ്കിൽ കൂടെ ഒരു മുതിർന്ന ആൾ ഉണ്ടായിരിക്കണം.
കൂടെയുള്ള ആൾക്ക് കുറഞ്ഞത് 21 വയസ്സ് പ്രായമുണ്ടായിരിക്കണം. ഒരാൾക്ക് പരമാവധി 10 കുട്ടികളെ മാത്രമേ കൂടെ കൊണ്ടുപോകാൻ അനുവാദമുള്ളൂ. 2026 മെയ് 3-ന് പാർക്ക് തുറക്കുന്നത് മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. കഴിഞ്ഞ വർഷങ്ങളിൽ പാർക്കിനുള്ളിൽ ചില യുവാക്കളുടെ ഭാഗത്തുനിന്ന് അനിയന്ത്രിതവും മോശവുമായ പെരുമാറ്റം ഉണ്ടായതിനെത്തുടർന്നാണ് ഇങ്ങനെയൊരു തീരുമാനം.

സന്ദർശകർക്ക് സുരക്ഷിതവും കുടുംബസൗഹൃദവുമായ അന്തരീക്ഷം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് പാർക്ക് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബറിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ ഈ നിയമം ഇനി മുതൽ എല്ലാ സീസണിലും തുടരാനാണ് തീരുമാനം.
ഹാലോവീൻ ആഘോഷങ്ങളുടെ സമയത്ത് നിയന്ത്രണം വൈകുന്നേരം 6 മണി മുതൽ ആയിരിക്കും. പാർക്കിലെത്തുന്ന എല്ലാവർക്കും മികച്ച അനുഭവം നൽകാനാണ് ഈ മാറ്റമെന്ന് വണ്ടർലാൻഡ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
