കോട്ടയം: വൈക്കത്ത് സിപിഐ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനുള്ളിൽ ഭിന്നശേഷിക്കാരനായ കർഷകൻ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തലയാഴം സ്വദേശി ചെല്ലപ്പൻ പുളിക്കശ്ശേരിയെയാണ് ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുൻപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിൽ, പ്രാദേശിക സിപിഐ നേതാക്കൾ തന്റെ കൃഷി നശിപ്പിച്ചതായും തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതായും ചെല്ലപ്പൻ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
കൃഷിമന്ത്രി പി. പ്രസാദിനെ സമീപിച്ച് സഹായം അഭ്യർത്ഥിച്ചിട്ടും നീതി ലഭിച്ചില്ലെന്നും ആഭ്യന്തര വകുപ്പിൽ നിന്ന് തനിക്ക് സംരക്ഷണം കിട്ടിയില്ലെന്നും ചെല്ലപ്പൻ വിഡിയോയിലൂടെ പരാതിപ്പെട്ടിരുന്നു. കുറഞ്ഞ നിരക്കിൽ തൈകൾ നൽകാമെന്ന് ഉറപ്പ് നൽകിയിട്ടും അധികൃതർ പച്ചക്കൊടി കാട്ടിയില്ലെന്നും തന്റെ ഉപജീവനമാർഗ്ഗമായ കൃഷി പാർട്ടി നേതാക്കൾ തന്നെ നശിപ്പിച്ചു എന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പ്രധാന ആക്ഷേപം.

സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ഒരു ഭിന്നശേഷിക്കാരനായ വ്യക്തിക്ക് എങ്ങനെ സ്വയം തൂങ്ങിമരിക്കാൻ സാധിക്കുമെന്ന ചോദ്യമുയർത്തുന്ന പ്രതിപക്ഷം, ഇതൊരു കൊലപാതകമാണോ എന്ന് സംശയിക്കുന്നതായും ആരോപിച്ചു. എന്നാൽ പ്രതിപക്ഷ പാർട്ടികൾ ഇതിനെ രാഷ്ട്രീയമായി മുതലെടുക്കാൻ ശ്രമിക്കുകയാണെന്നാണ് സിപിഐയുടെ വാദം. പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
