തെഹ്‌റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായതോടെ ഇറാന്നിലെ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര സർക്കാർ അടിയന്തര ജാഗ്രതാനിർദ്ദേശം നൽകി. അടുത്ത 48 മണിക്കൂർ അതീവ നിർണ്ണായകമാണെന്നും എല്ലാവരും സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
ഇന്ത്യൻ പൗരന്മാർ വീടിനുള്ളിൽ തന്നെ തുടരണം. സൈനിക കേന്ദ്രങ്ങൾ, വൈദ്യുത നിലയങ്ങൾ എന്നിവയുടെ പരിസരത്ത് പോകരുത്. കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്നും എംബസി അധികൃതരുമായി നിരന്തരം സമ്പർക്കം പുലർത്തണമെന്നും നിർദ്ദേശമുണ്ട്.

ഇറാന്നിലെ 47 വർഷത്തെ ഭരണകൂടത്തിന് ഇന്ന് രാത്രി അന്ത്യമാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചു. ലോകചരിത്രത്തിലെ സുപ്രധാന നിമിഷമായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും സന്ദേശ കൈമാറ്റങ്ങളും ഇറാൻ ഔദ്യോഗികമായി അവസാനിപ്പിച്ചു. ഏത് നിമിഷവും ആക്രമണം ഉണ്ടായേക്കാമെന്ന ഭീതിയിലാണ് മേഖല. സമാധാന ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ലോകരാജ്യങ്ങൾ ആശങ്കയിലാണ്.
