ഓട്ടവ : കാനഡയിൽ വിദ്വേഷ വിരുദ്ധ ബിൽ പാസായതോടെ ഖലിസ്ഥാൻവാദികൾ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ആക്രമം അഴിച്ചുവിട്ടുന്നതായി റിപ്പോർട്ട്. ആരാധനാലയങ്ങൾക്ക് സമീപം പ്രകടനങ്ങൾ നിരോധിക്കുന്ന, വംശീയ-വിദ്വേഷം വളർത്തുന്ന പ്രവർത്തനങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ബിൽ സി-9 കാനഡ സർക്കാർ പാസ്സാക്കിയത്. ബിൽ ഹൗസ് ഓഫ് കോമൺസിൽ പാസ്സായി ദിവസങ്ങൾക്കുള്ളിൽ നിരോധിത ഖലിസ്ഥാൻ ഗ്രൂപ്പായ സിഖ്സ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) ഒൻ്റാരിയോയിലെ ബ്രാംപ്ടണിലെയും ബ്രിട്ടിഷ് കൊളംബിയയിലെ സറേയിലെയും രണ്ട് ഹിന്ദു ക്ഷേത്രങ്ങൾ ഏപ്രിൽ അഞ്ച് ഞായറാഴ്ച ആക്രമിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്ത്യ ഭീകര സംഘടനയായി പ്രഖ്യാപിച്ച സിഖ്‌സ് ഫോർ ജസ്റ്റിസ് (SFJ), ഞായറാഴ്ച ബ്രാംപ്ടണിലുള്ള ത്രിവേണി മന്ദിറിനും സറേയിലുള്ള ലക്ഷ്മി നാരായൺ മന്ദിറിനും സമീപമാണ് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചത്. ബിൽ C-9 തങ്ങൾക്കെതിരെ ഉപയോഗിക്കുന്ന ഹിന്ദു കനേഡിയൻ ഫൗണ്ടേഷനെ (HCF) ചെറുക്കുന്നതിനാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നാണ് SFJ-യുടെ വിശദീകരണം. അതേസമയം ആരാധനാലയങ്ങളിലേക്ക് സുരക്ഷിതമായി സുരക്ഷിതമായ പ്രവേശനം ഉറപ്പാക്കണമെന്ന് ഹിന്ദു കനേഡിയൻ ഫൗണ്ടേഷനും (എച്ച്‌സിഎഫ്) 30-ലധികം സംഘടനകളും റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (ആർസിഎംപി)-നോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദു സംഘടനകളുടെ ആവശ്യപ്രകാരം ബ്രാംപ്ടണിലെ ത്രിവേണി മന്ദിറിൽ നിന്നും സറേയിലെ ലക്ഷ്മി നാരായൺ മന്ദിറിൽ നിന്നും 100 മീറ്ററിനുള്ളിൽ പ്രതിഷേധ പ്രകടനങ്ങൾ അടക്കമുള്ള ഒത്തുചേരലുകൾ നിരോധിച്ചതായി കോടതി ഉത്തരവിട്ടിട്ടുണ്ട്.

മാർച്ച് 25-നാണ് ഹൗസ് ഓഫ് കോമൺസ് വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരായ കർശനമായ നിയമമായ ബിൽ സി-9 പാസാക്കിയത്. ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നതും, വിദ്വേഷം അല്ലെങ്കിൽ തീവ്രവാദ ബന്ധമുള്ള ചില ചിഹ്നങ്ങളിലൂടെ മനഃപൂർവ്വം വിദ്വേഷം വളർത്തുന്നതും ബിൽ സി-9 പ്രകാരം കുറ്റകരമാക്കും. ബിൽ പാസാകുമ്പോൾ, ഹിന്ദു ആരാധനാലയങ്ങൾക്ക് മുന്നിൽ പ്രകടനങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ നിന്ന് ഖലിസ്ഥാൻ വിഘടനവാദികളെ തടയാൻ സാധിക്കും. ഇത്തരം പ്രതിഷേധങ്ങൾക്കെതിരായ സംരക്ഷണമായി ഹിന്ദു സംഘടനകൾ നിയമനിർമ്മാണത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ, ഞായറാഴ്ച നടന്ന ഖലിസ്ഥാൻ അംഗങ്ങളുടെ ആക്രമണം ബില്ലിനെതിരെയുള്ള പ്രതിഷേധമായി കണക്കാക്കാം.
