മൺട്രിയോൾ : ഹൗസ് ഓഫ് കോമൺസ് ഘടനയിൽ വലിയ സ്വാധീനം ചെലുത്താൻ സാധ്യതയുള്ള മൂന്ന് ഫെഡറൽ ഉപതിരഞ്ഞെടുപ്പുകളിൽ ഒന്നായ കെബെക്ക് ടെറെബോൺ റൈഡിങ്ങിൽ ആയിരക്കണക്കിന് വോട്ടർമാർ മുൻകൂർ വോട്ടെടുപ്പിൽ പങ്കെടുത്തതായി ഇലക്ഷൻസ് കാനഡ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ടെറെബോണിൽ നടന്ന മുൻകൂർ വോട്ടെടുപ്പിൽ ഏകദേശം 18,200 പേർ വോട്ട് ചെയ്തു.

ലിബറൽ സ്ഥാനാർത്ഥി ടാറ്റിയാന അഗസ്റ്റെയുടെ ഫെഡറൽ തിരഞ്ഞെടുപ്പ് വിജയം സുപ്രീം കോടതി അസാധുവാക്കിയതിനെ തുടർന്നാണ് ടെറെബോണിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ബ്ലോക്ക് കെബെക്ക്വ സ്ഥാനാർത്ഥിയായി നതാലി സിൻക്ലെയർ-ഡെസ്ഗാഗ്നെ വീണ്ടും മത്സരിക്കുമ്പോൾ ലിബറൽ സ്ഥാനാർത്ഥിയായി ടാറ്റിയാന അഗസ്റ്റെയും കളത്തിലുണ്ട്. 2025 ഏപ്രിൽ 28-ന് നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ ടാറ്റിയാന അഗസ്റ്റെയോട് നതാലി ഒരു വോട്ടിന് പരാജയപ്പെട്ടിരുന്നു. ഇലക്ഷൻസ് കാനഡ നൽകിയ കവറിലെ വിലാസപ്പിശക് കാരണം ഒരു ബ്ലോക്ക് കെബെക്ക്വ വോട്ടറുടെ സ്പെഷ്യൽ ബാലറ്റ് എണ്ണാതെ വിട്ടതായി കണ്ടെത്തിയിരുന്നു. ഇതോടെ ഈ ഒരു വോട്ട് എണ്ണാത്തതാണ് തന്‍റെ പരാജയത്തിന് കാരണമായതെന്ന് ചൂണ്ടിക്കാട്ടി നതാലി സിൻക്ലെയർ-ഡെസ്ഗാഗ്നെ കാനഡയിലെ സുപ്രീം കോടതിയിൽ ഹർജി നൽകി. തുടർന്ന് ഫെബ്രുവരി 13-ന്, സുപ്രീം കോടതി ടെറെബോൺ റൈഡിങ്ങിലെ ഫലം അസാധുവാക്കിയിരുന്നു.
