Tuesday, April 7, 2026

മെക്സിക്കോയിൽ തട്ടിക്കൊണ്ടുപോയ 10 ഖനി തൊഴിലാളികളിൽ 9 പേർ കൊല്ലപ്പെട്ടെന്ന്‌ കമ്പനി

വൻകൂവർ: മെക്സിക്കോയിലെ സിനലോവയിൽ ഇക്കഴിഞ്ഞ ജനുവരിയിൽ തട്ടിക്കൊണ്ടു പോയ 10 ഖനി തൊഴിലാളികളിൽ ഒൻപത് പേരും കൊല്ലപ്പെട്ടെന്ന്‌ സ്ഥിരീകരിച്ചു. വൻ കൂവർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിസ്ല സിൽവർ കോർപ്പറേഷൻ ആണ് ഈ ദാരുണമായ വാർത്ത പുറത്തുവിട്ടത്. കാണാതായ പത്ത് പേരിൽ ഒൻപത് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി കമ്പനി അറിയിച്ചു. ഒരാൾക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. കാണാതായ തൊഴിലാളിയുടെ കുടുംബവുമായി തങ്ങൾ നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. മെക്സിക്കോയിലെ സിനലോവ സംസ്ഥാനത്തുള്ള പാനുക്കോ ഗോൾഡ്-സിൽവർ ഖനിയിൽ നിന്നാണ് ജനുവരിയിൽ ഇവരെ തട്ടിക്കൊണ്ടുപോയത്. ഈ മേഖലയിൽ വിവിധ ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള ആധിപത്യം സ്ഥാപിക്കാനുള്ള പോരാട്ടം രൂക്ഷമാണ്. ഈ വാർത്ത അങ്ങേയറ്റം വേദനാ ജനകമാണെന്ന്‌ വിസ്ല സിൽവർ സി.ഇ.ഒ മൈക്കൽ കൊണേർട്ട് പറഞ്ഞു. മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം, അന്വേഷണവുമായി സഹകരിക്കുമെന്നും അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മെക്സിക്കൻ പോലീസ് നാല് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫെബ്രുവരിയിൽ തന്നെ ഈ പ്രദേശത്ത് മൃതദേഹങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ഡി.എൻ.എ പരിശോധനയ്ക്കും മറ്റു നടപടികൾക്കും ശേഷമാണ് മരണത്തെക്കുറിച്ചുള്ള സ്ഥിരീകരണം ന‌ടത്തുന്നത്‌.
മെക്സിക്കോയിലെ വിവിധ ഖനന മേഖലകളിൽ ക്രിമിനൽ സംഘങ്ങളുടെ ഭീഷണി വർദ്ധിച്ചുവരുന്നതായി റിപ്പോർട്ടുകളുണ്ട്. മരിച്ചവരിൽ കനേഡിയൻ പൗരന്മാർ ആരും തന്നെ ഉൾപ്പെട്ടിട്ടില്ലെന്ന് ഗ്ലോബൽ അഫയേഴ്സ് കാനഡ നേരത്തെ വ്യക്തമാക്കിയിരുന്നു. എങ്കിലും ഖനി തൊഴിലാളികളുടെ സുരക്ഷ സംബന്ധിച്ച് അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കകൾക്ക് ഈ സംഭവം കാരണമായിട്ടുണ്ട്. പാനുക്കോ ഖനിയുടെ പ്രവർത്തനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് കമ്പനി അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!