ടൊറൻ്റോ : ഏപ്രിലിലെ ആദ്യ നറുക്കെടുപ്പിലൂടെ പ്രവിശ്യയിലെ നിർമ്മാണ, ഖനന തൊഴിലുകളിൽ ജോലി ഓഫറുകളുള്ള ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയതായി ഒൻ്റാരിയോ സർക്കാർ അറിയിച്ചു. ഏപ്രിൽ 1-ന് നടന്ന ഈ നറുക്കെടുപ്പിൽ 759 അപേക്ഷകർക്കാണ് ഒൻ്റാരിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം (OINP) ഇൻവിറ്റേഷൻ നൽകിയത്. ഖനന മേഖലയിലെ തൊഴിലാളികൾക്കായി OINP ആദ്യമായി നടത്തിയ നറുക്കെടുപ്പായിരുന്നു ഇത്. കൂടാതെ 2026-ൽ പ്രവിശ്യ നടത്തുന്ന അഞ്ചാമത്തെ നറുക്കെടുപ്പുമായിരുന്നു ഏപ്രിൽ ഒന്നിന് നടന്നത്.

ഫോറിൻ വർക്കേഴ്സ് (FW), ഇന്‍റർനാഷണൽ സ്റ്റുഡൻ്റ്സ് IS), ഇൻ-ഡിമാൻഡ് സ്കിൽസ് (IDS) എന്നീ സ്ട്രീമുകൾക്ക് കീഴിലുള്ള ഉദ്യോഗാർത്ഥികളെയാണ് നറുക്കെടുപ്പിൽ പരിഗണിച്ചത്. ഇൻവിറ്റേഷൻ ലഭിച്ച ഉദ്യോഗാർത്ഥികൾ കാനഡയിൽ വർക്ക് അല്ലെങ്കിൽ സ്റ്റഡി പെർമിറ്റ് ഉള്ളവരായിരിക്കണം. ഖനന, നിർമ്മാണ സംബന്ധിയായ തൊഴിലുകളിലെ ഉദ്യോഗാർത്ഥികൾക്ക് നൽകിയ ആകെ 759 ഇൻവിറ്റേഷനിൽ ഭൂരിഭാഗവും OINP യുടെ ഫോറിൻ വർക്കേഴ്സ് സ്ട്രീമിന് കീഴിലാണ് (49%) നൽകിയത്.
