ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി തെറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍. യുവതീ പ്രവേശനം അനുവദിച്ചാല്‍ ആരാധനാ സ്വഭാവം മാറുമെന്ന് വാദം. ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്‌മചാരി ആണെന്നും നൂറ്റാണ്ടുകളായുള്ള ഈ ആചാരത്തില്‍ കോടതികള്‍ ഇടപെടരുതെന്നും കേന്ദ്രം വാദിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സമര്‍പ്പിച്ച 246 പേജുള്ള വാദമുഖങ്ങളിലാണ് കേന്ദ്രത്തിന്റെ ഈ സുപ്രധാന നിലപാടുള്ളത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് കേസില്‍ പുനഃപരിശോധനാ വാദം കേള്‍ക്കുന്നത്. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, എം.എം. സുന്ദരേഷ് തുടങ്ങിയവരടങ്ങുന്ന വിപുലമായ ബെഞ്ച് ഇന്ന് മുതല്‍ വാദം ആരംഭിക്കും. വിശ്വാസപരമായ കാര്യങ്ങളില്‍ കോടതികള്‍ തീര്‍പ്പ് കല്‍പ്പിക്കരുത്. യുവതി പ്രവേശനം അനുവദിക്കുന്നത് ആരാധനാലയത്തിന്റെ സ്വഭാവത്തെ ബാധിക്കും. യുവതി പ്രവേശനത്തില്‍ നേരിട്ട് നിലപാട് വ്യക്തമാക്കാതെ, മതപണ്ഡിതരുടെയും സാമൂഹിക നേതാക്കളുടെയും സമിതി രൂപീകരിച്ച് അഭിപ്രായം തേടണമെന്നാണ് കേരളത്തിന്റെ നിര്‍ദ്ദേശം. പുനഃപരിശോധനാ ഹര്‍ജികളെ പിന്തുണയ്ക്കുന്ന സര്‍ക്കാര്‍, എതിര്‍ക്കുന്നവര്‍ക്കൊപ്പം വാദിക്കാന്‍ സമയം തേടിയിട്ടുണ്ട്.

ശബരിമല കേസിനൊപ്പം തന്നെ മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം, ഇതര മതസ്ഥരെ വിവാഹം ചെയ്ത പാഴ്‌സി സ്ത്രീകളുടെ അവകാശങ്ങള്‍, മുസ്ലിം ബോറ വിഭാഗത്തിലെ ചേലകര്‍മ്മം തുടങ്ങിയ വിഷയങ്ങളും ഒമ്പതംഗ ബെഞ്ച് പരിശോധിക്കും. ഇന്ന് മുതല്‍ വ്യാഴം വരെ വാദം നടക്കും. ഏപ്രില്‍ 14, 15, 16 തീയതികളില്‍ യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം നടക്കും.
