ഓട്ടവ : കാനഡ-അമേരിക്ക അതിർത്തിയിലെ ഏറ്റവും തിരക്കേറിയ ചരക്കുനീക്കത്തിൽ വിൻസറിലെ അംബാസഡർ പാലത്തിന്‍റെ വർഷങ്ങളുടെ മേധാവിത്വം തകർത്ത് സാർനിയയിലെ ബ്ലൂ വാട്ടർ പാലം. ഇതാദ്യമായാണ് ബ്ലൂ വാട്ടർ പാലം വഴിയുള്ള ചരക്കുനീക്കം അംബാസഡർ പാലത്തെ പിന്നിലാക്കി ചരിത്രനേട്ടം കൈവരിക്കുന്നത്. അമിതമായ ടോൾ നിരക്കാണ് ട്രക്കിങ് കമ്പനികളെ ബ്ലൂ വാട്ടർ പാലത്തെ തിരഞ്ഞെടുക്കാൻ പ്രധാന കാരണം. അംബാസഡർ പാലത്തിലെ ടോൾ നിരക്കിലുണ്ടായ വർധനയാണ് ട്രക്കിങ് കമ്പനികൾ മറ്റു വഴികൾ തേടാൻ നിർബന്ധിതരാക്കിയത്. അംബാസഡർ പാലത്തിലൂടെ അതിർത്തി കടക്കാൻ 27 ഡോളർ വരെയാണ് ഈടാക്കുന്നത്. എന്നാൽ ബ്ലൂ വാട്ടർ പാലത്തിൽ ഇത് വെറും 7 ഡോളർ മാത്രമാണ്.

രാജ്യാന്തര ചരക്കുനീക്കത്തിൽ ബ്ലൂ വാട്ടർ പാലം നിലവിൽ മറ്റ് എല്ലാ അതിർത്തി മേഖലകളെയും മറികടന്നതായി ഫെഡറൽ ബ്രിഡ്ജ് കോർപ്പറേഷൻ ലിമിറ്റഡിന്‍റെ (FBCL) കണക്കുകൾ വ്യക്തമാക്കുന്നു. 2025-ൽ സാർനിയയിലെ ബ്ലൂ വാട്ടർ പാലം വഴി 21 ലക്ഷം ട്രക്കുകൾ കടന്നുപോയപ്പോൾ അംബാസഡർ പാലം വഴി ഇത് 19 ലക്ഷമായി ചുരുങ്ങി. 2026-ന്‍റെ ആദ്യ മൂന്ന് മാസങ്ങളിലും ഈ പ്രവണത തുടരുന്നതായി FBCL റിപ്പോർട്ട് ചെയ്തു. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 5.3 ലക്ഷത്തിലധികം ട്രക്കുകളാണ് സാർനിയ വഴി കടന്നുപോയത്.
