വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന യുദ്ധങ്ങളോടുള്ള ജനങ്ങളുടെ വിയോജിപ്പും, ആഭ്യന്തര വിപണിയില്‍ ഇന്ധനവില കുതിച്ചുയരുന്നതുമാണ് ട്രംപിനെ ഇത്തരമൊരു പുനര്‍ചിന്തയ്ക്ക് പ്രേരിപ്പിക്കുന്നത്. വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പുകളില്‍ യുദ്ധം തിരിച്ചടിയാകുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ ട്രംപിന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.
എന്നാല്‍, നയതന്ത്ര നീക്കങ്ങള്‍ക്കിടയിലും കടുത്ത യുദ്ധഭീഷണിയും ട്രംപ് ഉയര്‍ത്തുന്നുണ്ട്. ഹോര്‍മൂസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ബുധനാഴ്ച രാവിലെയോടെ ഇറാന്റെ വൈദ്യുത നിലയങ്ങളും പാലങ്ങളും തകര്‍ക്കുമെന്നാണ് വൈറ്റ് ഹൗസിന്റെ മുന്നറിയിപ്പ്. ഒറ്റരാത്രികൊണ്ട് ഇറാനെ ഇല്ലാതാക്കാന്‍ തനിക്ക് സാധിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു. ബുധനാഴ്ച രാവിലെ ഇറാനെ കാത്തിരിക്കുന്നത് എന്താണെന്ന് ലോകത്തിന് കാണാമെന്ന് വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കി.

അതേസമയം, അമേരിക്കയുടെ ഭീഷണികള്‍ക്ക് മുന്നില്‍ കീഴടങ്ങില്ലെന്ന് ഇറാന്‍ ആവര്‍ത്തിച്ചു. ട്രംപിന് മുന്നില്‍ രണ്ട് വഴികള്‍ മാത്രമാണുള്ളതെന്ന് ഇറാന്‍ സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഖാലിബാഫ് തിരിച്ചടിച്ചു. ഒന്നുകില്‍ ഇറാന് മുന്നില്‍ കീഴടങ്ങുക, അല്ലെങ്കില്‍ സഖ്യരാജ്യങ്ങളെ ശിലായുഗത്തിലേക്ക് തള്ളിവിടുക എന്നതാണ് ആ വഴികള്‍. ഇറാന്റെ വൈദ്യുത നിലയങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍, മേഖലയിലെ മറ്റ് രാജ്യങ്ങളിലെ ജലശുദ്ധീകരണ കേന്ദ്രങ്ങളും പവര്‍ ഗ്രിഡുകളും തകര്‍ക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
