കൊച്ചി: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ‘ഡാഷ്’ പ്രയോഗത്തിൽ രൂക്ഷമായ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ മാനസിക നില തെറ്റിയിരിക്കുകയാണെന്നും, ആ ‘ഡാഷ്’ പൂരിപ്പിച്ചിരുന്നെങ്കിൽ കേരളം മുഴുവൻ ലജ്ജിച്ച് തലതാഴ്ത്തേണ്ടി വന്നേനെയെന്നും സതീശൻ പറഞ്ഞു. പിണറായിയുടെ സംസാരശൈലി കേരളത്തിന് തന്നെ അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാള ഭാഷയ്ക്ക് മോശം പദങ്ങൾ സംഭാവന ചെയ്ത വ്യക്തിയാണ് പിണറായി വിജയനെന്ന് സതീശൻ കുറ്റപ്പെടുത്തി. താമരശ്ശേരി ബിഷപ്പിനെ ‘നികൃഷ്ട ജീവി’ എന്ന് വിളിച്ചതും, ടി.പി. ചന്ദ്രശേഖരനെ ‘കുലംകുത്തി’ എന്നും എൻ.കെ. പ്രേമചന്ദ്രനെ ‘പരനാറി’ എന്നും അധിക്ഷേപിച്ചതും അദ്ദേഹം ഓർമ്മിപ്പിച്ചു. പിണറായിയുടെ വായിൽ നിന്ന് ഭൂമിയിൽ കേൾക്കാത്ത തരം ഭാഷ വരുമെന്ന് രേവന്ത് റെഡ്ഡിയെ മുൻകൂട്ടി ഉപദേശിക്കാൻ കരുതിയതാണെന്നും എന്നാൽ തിരക്കിനിടയിൽ സാധിച്ചില്ലെന്നും സതീശൻ പരിഹസിച്ചു.

മുഖ്യമന്ത്രി പദത്തിലിരിക്കുന്ന ഒരാൾ പാലിക്കേണ്ട യാതൊരു മര്യാദയും പിണറായി വിജയനില്ലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. അസഭ്യ വർഷം നടത്തുന്നത് പിണറായിയുടെ പതിവാണെന്നും രേവന്ത് റെഡ്ഡി ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായ വിയോജിപ്പുകൾ അറിയിക്കുന്നതിന് പകരം വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് മുഖ്യമന്ത്രി തരംതാഴുന്നത് ജനാധിപത്യത്തിന് ചേർന്നതല്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
