ടെഹ്റാൻ: മിഡിൽ ഈസ്റ്റിലെ സംഘർഷഭരിതമായ അന്തരീക്ഷത്തിനിടയിൽ, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിന്മേൽ പൂർണ്ണ അധികാരം സ്ഥാപിക്കാൻ ഇറാൻ നീക്കം. ഇതുവഴി പ്രതിമാസം 4.5 ബില്യൺ ഡോളർ വരെ ടോൾ ഇനത്തിൽ സ്വന്തമാക്കുന്നതിനാണ് ഇറാൻ ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോകത്തെ ക്രൂഡ് ഓയിൽ നീക്കത്തിന്റെ 20 ശതമാനവും നടക്കുന്നത് ഹോർമുസ് വഴിയാണ്. നിലവിൽ അനൗദ്യോഗികമായി ഈടാക്കുന്ന ടോൾ തുക ഔദ്യോഗികമാക്കിയാൽ ഇറാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ഉണർവ് ലഭിക്കും. യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ തകർന്ന അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കാനും, മിസൈൽ-ഡ്രോൺ ശേഖരം വീണ്ടും വർദ്ധിപ്പിക്കാനും ഈ തുക ഉപയോഗിക്കാനാണ് ഇറാൻ പദ്ധതി. കടലിടുക്ക് തുറന്നുകൊടുക്കാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തുന്ന നീക്കങ്ങളെ ഇറാൻ ശക്തമായി എതിർക്കുകയാണ്. ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധം ശാശ്വതമായി അവസാനിപ്പിക്കണമെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിൽക്കുകയാണ്. ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയുടെ 40 മുതൽ 50 ശതമാനം വരെയും ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്.

ഇറാൻ ടോൾ ഏർപ്പെടുത്തുകയാണെങ്കിൽ ഇന്ധനവില വർധന ഉയർന്നേക്കും. ഷിപ്പിംഗ്, ഇൻഷുറൻസ് നിരക്കുകൾ വർധിക്കുന്നത് ഇന്ത്യയിലെ പെട്രോൾ, ഡീസൽ വില ഉയരാൻ കാരണമായേക്കാം. നിലവിൽ കേന്ദ്രസർക്കാർ നികുതി കുറച്ചും മറ്റും വില നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ഇത് വെല്ലുവിളിയാകും. അമേരിക്ക മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ തള്ളിയ ഇറാൻ, പത്തിന അജണ്ടയാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതിൽ ഹോർമുസ് കടലിടുക്കിന്മേലുള്ള ഇറാന്റെ അധികാരം അംഗീകരിക്കുക, സാമ്പത്തിക ഉപരോധങ്ങൾ നീക്കുക, സിവിൽ ആവശ്യങ്ങൾക്കായി ആണവ പദ്ധതികൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉൾപ്പെടുന്നു. ഹോർമുസിലും ഒപ്പം ഹൂതികൾ വഴി ബാബ് അൽ-മന്ദാബ് കടലിടുക്കിലും സ്വാധീനം ഉറപ്പിക്കുന്നതോടെ ആഗോള ഊർജ്ജ വിപണിയുടെ ‘ഗേറ്റ് കീപ്പർ’ ആകാനാണ് ഇറാന്റെ നീക്കം. ഇത് അമേരിക്കയ്ക്കും ഇസ്രായേലിനും വലിയ തലവേദനയാണ് സൃഷ്ടിക്കും.
