പാലക്കാട്: ബിജെപിയുടെ തിരഞ്ഞെടുപ്പ് പരീക്ഷണങ്ങൾക്ക് കീഴടങ്ങുന്ന സ്ഥലമല്ല പാലക്കാടെന്ന് ബിജെപി തിരിച്ചറിയണമെന്ന് ഷാഫി പറമ്പിൽ എംപി. പണം നൽകി പാലക്കാടൻ വോട്ടുകളെ വിലയ്ക്കെടുക്കാമെന്നത് വ്യാമോഹമാണെന്നും, ഇവിടുത്തെ വോട്ടർമാർ തങ്ങളുടെ ആത്മാഭിമാനം പണയം വെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരാജയം മുൻകൂട്ടി കണ്ടതുകൊണ്ടാണ് ബിജെപി ഇത്തരത്തിൽ പണമൊഴുക്കാൻ ശ്രമിക്കുന്നതെന്നും ഷാഫി കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നേരിട്ട് വന്ന് പ്രചാരണം നടത്തിയിട്ടും ഫലമില്ലെന്ന് ബിജെപി സ്ഥാനാർത്ഥി തന്നെ സമ്മതിക്കുന്നതിന് തുല്യമാണിത്. നേരായ മാർഗത്തിലൂടെ വിജയിക്കാൻ സാധിക്കില്ലെന്ന തിരിച്ചറിവിലാണ് സഹായികളെ വിട്ട് വീടുകളിൽ പണം വിതരണം ചെയ്യുന്നത്. പാലക്കാടിന്റെ രാഷ്ട്രീയ ബോധത്തെയും ശീലങ്ങളെയും അട്ടിമറിക്കാനുള്ള ഈ നീക്കം അതീവ ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും കുറ്റക്കാർക്കെതിരെ അയോഗ്യത ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. കണ്ണാടിയിൽ മാത്രമല്ല, മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും സമാനമായ രീതിയിൽ പണവിതരണം നടന്നിട്ടുണ്ടെന്നാണ് കരുതുന്നത്. ഈ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നൽകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
