Wednesday, April 8, 2026

വിൻഡ്‌ഷീൽഡ് വൈപ്പർ തകരാർ: കാനഡയിൽ ഫോർഡ് വാഹനങ്ങൾ തിരിച്ചുവിളിച്ചു

ഓട്ടവ: വിൻഡ്‌ഷീൽഡ് വൈപ്പർ ആമുകളിലെ പ്രശ്‌നത്തെ തുടർന്ന് കാനഡയിൽ 31,000-ത്തിലധികം ഫോർഡ് വാഹനങ്ങൾ തിരിച്ചു വിളിച്ചു. 2021 മുതൽ 2023 വരെയുള്ള മോഡലുകളിൽ പെട്ട ഫോർഡ് എക്സ്‌പെഡിഷൻ, ലിങ്കൺ നാവിഗേറ്റർ എന്നീ എസ്‌യുവികൾ 2022, 2023 വർഷങ്ങളിലെ ഫോർഡ് സൂപ്പർ ഡ്യൂട്ടി ട്രക്കുകൾ തുടങ്ങിയവയാണ് തിരിച്ചുവിളിയിൽ ഉൾപ്പെട്ടിരിക്കുന്നത്.

വാഹനത്തിന്റെ ബോഡിയുമായി വൈപ്പർ ഭാഗങ്ങൾ കൃത്യമായി ഘടിപ്പിക്കാത്തതാണ് ഈ പ്രശ്നത്തിന് കാരണമെന്ന് ഫോർഡ് വക്താവ് വ്യക്തമാക്കി. വൈപ്പർ ആമുകളുടെ ഉറപ്പ് നഷ്ടപ്പെടാനോ അവ വേർപെട്ടുപോകാനോ ഈ തകരാർ കാരണമായേക്കാം. ഇത് വൈപ്പറുകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയും മോശം കാലാവസ്ഥയിൽ ഡ്രൈവർമാരുടെ കാഴ്ച മങ്ങുന്നതിലൂടെ അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യും. എന്നാൽ ഇതുവരെ ഈ പ്രശ്നം മൂലമുള്ള അപകടങ്ങളോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കമ്പനി അറിയിച്ചു.

ബാധിക്കപ്പെട്ട വാഹനങ്ങളുടെ ഉടമകൾക്ക് മെയിൽ വഴി അറിയിപ്പ് ലഭിക്കും. വാഹനം ഫോർഡ് അല്ലെങ്കിൽ ലിങ്കൺ ഡീലർഷിപ്പുകളിൽ എത്തിച്ച് പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പരിശോധനയിൽ തകരാർ കണ്ടെത്തുന്ന വൈപ്പർ ആമുകൾ ഉപഭോക്താവിൽ നിന്ന് പണം ഈടാക്കാതെ സൗജന്യമായി മാറ്റി നൽകുന്നതാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!