ടെഹ്റാൻ: അമേരിക്കയുമായുള്ള സമാധാന ചർച്ചകളിൽ ഇറാൻ പങ്കെടുക്കുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി നടത്തിയ ദീർഘസംഭാഷണത്തിന് ശേഷമാണ് സമാധാന നീക്കങ്ങളിൽ ഇറാന്റെ പങ്കാളിത്തം അദ്ദേഹം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഹോർമുസ് കടലിടുക്ക് കപ്പൽ ഗതാഗതത്തിനായി തുറന്നുകൊടുക്കാനും രണ്ടാഴ്ചത്തെ വെടിനിർത്തലിനും അമേരിക്കയും ഇറാനും തമ്മിൽ ധാരണയായതിന് പിന്നാലെയാണ് ഈ നിർണ്ണായക നീക്കം.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള പാക്കിസ്ഥാന്റെ മധ്യസ്ഥ ശ്രമങ്ങളെ ഇറാൻ പ്രസിഡന്റ് അഭിനന്ദിച്ചു. ഏകദേശം 45 മിനിറ്റോളം നീണ്ടുനിന്ന ടെലിഫോൺ സംഭാഷണത്തിൽ, സമാധാന ചർച്ചകൾക്ക് വേദിയാകാനുള്ള പാക്കിസ്ഥാന്റെ ക്ഷണം സ്വീകരിച്ച ഇറാൻ നേതൃത്വത്തിന്റെ നിലപാടിനെ ഷെഹബാസ് ഷെരീഫ് പ്രശംസിച്ചു. ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയിക്ക് അദ്ദേഹം ആദരവ് അറിയിച്ചു. എന്നാൽ ഇസ്‌ലാമാബാദിൽ നടക്കുന്ന ചർച്ചകളിൽ ഇറാന്റെ ഭാഗത്തുനിന്ന് ആരൊക്കെ പ്രതിനിധികളായി എത്തുമെന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല.

കഴിഞ്ഞ ഫെബ്രുവരി 28-ന് ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനിൽ നടത്തിയ ആക്രമണത്തിൽ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഗൾഫ് മേഖല യുദ്ധത്തിലേക്ക് നീങ്ങിയത്. മേഖലയിലുടനീളം പടർന്ന സംഘർഷം ആഗോള തലത്തിൽ തന്നെ വലിയ പ്രതിസന്ധികൾക്ക് കാരണമായിരുന്നു. സമാധാന ചർച്ചകൾക്ക് പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്നതോടെ മേഖലയിൽ സുസ്ഥിരമായ ശാന്തിയും സുരക്ഷയും ഉറപ്പാക്കാൻ സാധിക്കുമെന്നാണ് പാക്കിസ്ഥാൻ ഭരണകൂടത്തിന്റെ പ്രതീക്ഷ.
