ലൊസാഞ്ചലസ്: വിഖ്യാത അമേരിക്കൻ സിറ്റ്‌കോം ‘ഫ്രണ്ട്‌സി’ലൂടെ ലോകമെങ്ങും ആരാധകരെ നേടിയ ഹോളിവുഡ് താരം മാത്യു പെറിയുടെ മരണത്തിന് കാരണമായ മയക്കുമരുന്ന് നൽകിയ കേസിൽ ‘കെറ്റാമൈൻ ക്വീൻ’ എന്നറിയപ്പെടുന്ന ജസ്‌വീൻ സംഘയുടെ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. ലൊസാഞ്ചലസിലെ ഫെഡറൽ കോടതിയിൽ നടക്കുന്ന വിചാരണയിൽ ജസ്‌വീന് 15 വർഷം വരെ തടവ് ശിക്ഷ ലഭിക്കാനാണ് സാധ്യത. പെറിയുടെ മരണത്തിന് കാരണമായ അളവിൽ മയക്കുമരുന്ന് വിതരണം ചെയ്തതായി കുറ്റസമ്മതം നടത്തിയ ഏക പ്രതിയാണ് 42 കാരിയായ ജസ്‌വീൻ.
തന്റെ ആഡംബര ജീവിതത്തിന് പണം കണ്ടെത്താനായി ജസ്‌വീൻ വൻതോതിൽ മയക്കുമരുന്ന് ഇടപാടുകൾ നടത്തിയിരുന്നതായി പ്രൊസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. 2023 ഒക്ടോബറിൽ മാത്യു പെറി മരിക്കുന്നതിന് നാല് ദിവസം മുമ്പ് 25 കുപ്പി കെറ്റാമൈൻ ആണ് ഇവർ താരത്തിന് വിറ്റത്. മുൻപ് 2019-ൽ മറ്റൊരു വ്യക്തിയുടെ മരണത്തിന് കാരണമായ മയക്കുമരുന്ന് വിതരണത്തിലും ജസ്‌വീന് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.

അതേസമയം, ജസ്‌വീന് ക്രിമിനൽ പശ്ചാത്തലമില്ലെന്നും ജയിലിൽ അവർ മാതൃകാപരമായ പെരുമാറ്റമാണ് കാഴ്ചവയ്ക്കുന്നതെന്നും പ്രതിഭാഗം അഭിഭാഷകർ വാദിച്ചു. എന്നാൽ, സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതിരുന്നിട്ടും ആഡംബരത്തിന് വേണ്ടിയാണ് അവർ ഈ നിയമവിരുദ്ധ തൊഴിൽ തിരഞ്ഞെടുത്തതെന്ന് പ്രൊസിക്യൂഷൻ വാദിക്കുന്നു. കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് ഡോക്ടർമാർക്കും പെറിയുടെ സഹായിക്കും നേരത്തെ ശിക്ഷ വിധിച്ചിരുന്നു.
