ടെഹ്‌റാന്‍: യുഎസ്-ഇറാന്‍ വെടിനിര്‍ത്തല്‍ ധാരണയെ സ്വാഗതം ചെയ്യുമ്പോഴും ലബനനെതിരായ സൈനിക നീക്കം തുടരുമെന്ന് പ്രഖ്യാപിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പശ്ചിമേഷ്യയില്‍ സമ്പൂര്‍ണ്ണ സമാധാനം ലക്ഷ്യമിട്ടുള്ള നയതന്ത്ര നീക്കങ്ങള്‍ക്ക് തിരിച്ചടിയാകുന്നതാണ് ഇസ്രയേലിന്റെ ഈ നിലപാട്.
ഇറാനും അമേരിക്കയും തമ്മിലെത്തിയ രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുന്നുവെന്നും എന്നാല്‍ ഇത് ലബനന് ബാധകമല്ലെന്നുമാണ് നെതന്യാഹു വ്യക്തമാക്കിയത്. വരാനിരിക്കുന്ന ചര്‍ച്ചകളില്‍ ഇറാന്റെ ആണവ, മിസൈല്‍ ഭീഷണികള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന് അമേരിക്ക ഉറപ്പുനല്‍കിയതായും അദ്ദേഹം അവകാശപ്പെട്ടു. ഇറാന്‍ ഇനി ഒരിക്കലും ഒരു ഭീഷണിയല്ലെന്ന് എക്‌സ് (X) പ്ലാറ്റ്ഫോമിലൂടെ അദ്ദേഹം പ്രതികരിച്ചു.

അതേസമയം, ലബനന്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഉടനീളം വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായാണ് മധ്യസ്ഥനായ പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചിരുന്നത്. മേഖലയിലെ എല്ലാ സഖ്യകക്ഷികള്‍ക്കെതിരായ ആക്രമണങ്ങളും അവസാനിപ്പിക്കണമെന്ന നിര്‍ദ്ദേശം ഇറാന്‍ മുന്നോട്ടുവെച്ചിരുന്നു. ഇതിന് വിരുദ്ധമായ നെതന്യാഹുവിന്റെ പ്രസ്താവന ലബനനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു.
ലബനനില്‍ ഇസ്രയേല്‍ തുടരുന്ന ആക്രമണങ്ങളില്‍ ഇതുവരെ 1500-ലധികം പേര്‍ കൊല്ലപ്പെടുകയും നാലായിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 12 ലക്ഷത്തോളം ജനങ്ങള്‍ ഭവനരഹിതരായതായും ലബനന്റെ 14 ശതമാനം ഭൂപ്രദേശവും ഇസ്രയേല്‍ കൈയേറിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ നെതന്യാഹുവിന്റെ പുതിയ നിലപാട് പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകളില്‍ വലിയ ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്.
