Friday, April 10, 2026

വാക്സിനേഷൻ രേഖകൾ പുതുക്കിയില്ല; വാട്ടർലൂവിലെ 704 വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

കിച്ചനർ: വാക്സിനേഷൻ രേഖകൾ കൃത്യമല്ലാത്തതിനെത്തുടർന്ന് വാട്ടർലൂ റീജിയനിലെ 704 സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളെ സ്കൂളുകളിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ‘ഇമ്മ്യൂണൈസേഷൻ ഓഫ് സ്കൂൾ പ്യൂപ്പിൾസ് ആക്ട്’ പ്രകാരമാണ് പബ്ലിക് ഹെൽത്ത് വ്യാഴാഴ്ച രാവിലെ ഈ നടപടി സ്വീകരിച്ചത്. ഗൗരവകരമായ രോഗങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് വാക്സിനേഷനെന്നും, രേഖകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നത് കുട്ടികളുടെയും സമൂഹത്തിന്റെയും സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നും വാട്ടർലൂ മെഡിക്കൽ ഓഫീസർ ഡോ. സിയു ലി വാങ് വ്യക്തമാക്കി.

വാക്സിനേഷൻ രേഖകൾ ഹാജരാക്കാൻ രക്ഷിതാക്കളോട് ആവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബറിൽ 4,385 മെയിലുകളും തുടർന്ന് മാർച്ചിൽ 3,258 മുന്നറിയിപ്പ് കത്തുകളും അധികൃതർ അയച്ചിരുന്നു. ഏപ്രിൽ 9 മുതൽ സസ്‌പെൻഷൻ നടപടികൾ ആരംഭിക്കുമെന്ന് മാർച്ചിലെ കത്തിൽ വ്യക്തമാക്കിയിരുന്നു. അഞ്ചാംപനി, മംപ്‌സ്, റുബെല്ല, ഡിഫ്തീരിയ, ടെറ്റനസ്, പോളിയോ, മെനിഞ്ചൈറ്റിസ്, ഹൂപ്പിംഗ് കഫ്, ചിക്കൻപോക്സ് തുടങ്ങിയ മാരക രോഗങ്ങളിൽ നിന്നുള്ള സംരക്ഷണമാണ് ഈ വാക്സിനുകൾ ഉറപ്പാക്കുന്നത്. കഴിഞ്ഞ വർഷം സമാനമായ സാഹചര്യത്തിൽ 900-ലധികം വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ ലഭിച്ചിരുന്നു.

വാക്സിനേഷൻ എടുക്കുകയോ അല്ലെങ്കിൽ നിലവിലുള്ള രേഖകൾ അപ്‌ഡേറ്റ് ചെയ്യുകയോ ചെയ്താൽ വിദ്യാർത്ഥികൾക്ക് ഉടൻ തന്നെ ക്ലാസുകളിലേക്ക് മടങ്ങാൻ സാധിക്കും. വാക്സിനേഷനായി പബ്ലിക് ഹെൽത്ത് വഴിയോ ഫാമിലി ഡോക്ടർമാർ വഴിയോ അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്‌മെന്റുകൾക്കുമായി 519-575-4400 എന്ന നമ്പറിൽ പബ്ലിക് ഹെൽത്ത് ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!