ഓട്ടവ: ആർട്ടിഫിഷ്യൽ ഇന്റലിജൻസും (AI) പരമ്പരാഗത പ്രവചന രീതികളും സംയോജിപ്പിച്ചുകൊണ്ടുള്ള പുതിയ ഹൈബ്രിഡ് കാലാവസ്ഥാ പ്രവചന മാതൃക പുറത്തിറക്കാൻ ഒരുങ്ങി കാലാവസ്ഥാ ഏജൻസി. കാലാവസ്ഥാ വ്യതിയാനങ്ങളെ കൂടുതൽ കൃത്യതയോടെ മുൻകൂട്ടി കാണാൻ സഹായിക്കുന്ന എഐ സാങ്കേതികവിദ്യയും പ്രാദേശിക ഘടകങ്ങളെക്കുറിച്ചുള്ള എൻവയൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡയുടെ (ECCC) ആഴത്തിലുള്ള അറിവും ഒത്തുചേരുന്നതോടെ പ്രവചനങ്ങൾ കൂടുതൽ കാര്യക്ഷമമാകുമെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. പൊതുജനങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകൾ മെച്ചപ്പെടുത്തുന്നതിനും ഈ പുതിയ സംവിധാനം ഏറെ സഹായകരമാകും.

ശക്തമായ മഞ്ഞുവീഴ്ച, ഉഷ്ണതരംഗം തുടങ്ങിയ കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ച് നിലവിൽ എട്ട് മണിക്കൂർ മുൻപാണ് മുന്നറിയിപ്പ് നൽകാൻ സാധിക്കുന്നതെങ്കിൽ, പുതിയ മാതൃകയിലൂടെ 24 മണിക്കൂർ മുൻപ് തന്നെ കൃത്യമായ വിവരം നൽകാൻ സാധിക്കും. കൂടാതെ കൊടുങ്കാറ്റുകളുടെ സഞ്ചാരപഥം കൃത്യമായി മാപ്പ് ചെയ്യാനും കാലാവസ്ഥാ മാറ്റങ്ങൾ എപ്പോൾ തുടങ്ങുമെന്ന് കൃത്യമായി പ്രവചിക്കാനും ഇതിലൂടെ സാധ്യമാകും.
പുതിയ സംവിധാനം നടപ്പിലാക്കുമ്പോഴും വിദഗ്ധരായ മെറ്റീരിയോളജിസ്റ്റുകളുടെ സേവനം തുടർന്നും പ്രയോജനപ്പെടുത്തുമെന്ന് കാലാവസ്ഥാ ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്. എഐ നൽകുന്ന വിവരങ്ങൾ വിശകലനം ചെയ്യുന്നതിനും അവ പൊതുജനങ്ങളിലേക്ക് ലളിതമായി എത്തിക്കുന്നതിനും മനുഷ്യസഹജമായ നിരീക്ഷണങ്ങൾ അത്യന്താപേക്ഷിതമാണ്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ പുതിയ പ്രവചന മാതൃക ഈ വസന്തകാലത്തോടെ പൂർണ്ണമായി പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
