കാഠ്മണ്ഡു: പന്ത്രണ്ട് ദിവസം നീണ്ടുനിന്ന തടവ് അനിശ്ചിതത്വങ്ങൾക്കൊടുവിൽ നേപ്പാൾ മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി ജയിൽ മോചിതനായി. ഇദ്ദേഹത്തോടൊപ്പം മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖക്കിനെയും വിട്ടയച്ചു. ഇവർക്കെതിരെ ചുമത്തിയ കൊലപാതകക്കുറ്റത്തിൽ വിചാരണ തുടരാൻ ആവശ്യമായ തെളിവുകളില്ലെന്ന് നിരീക്ഷിച്ച സുപ്രീം കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് നടപടി. കോടതി നിർദ്ദേശപ്രകാരം ജില്ലാ ഗവൺമെന്റ് അറ്റോർണി ഓഫീസ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും മോചിപ്പിച്ചതായി കാഠ്മണ്ഡു പോലീസ് മേധാവി രമേശ് ഥാപ്പ സ്ഥിരീകരിച്ചു.
ഭരണകക്ഷിയായ സിപിഎൻ സർക്കാരിനെ അട്ടിമറിക്കാൻ നടന്ന ‘ജെൻ Z’ പ്രതിഷേധത്തെ അടിച്ചമർത്തിയതുമായി ബന്ധപ്പെട്ടാണ് ഒലിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. സംഭവത്തിൽ അന്വേഷണ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാർച്ച് 28-നാണ് കൊലപാതകക്കുറ്റം ചുമത്തി ഇവരെ അറസ്റ്റ് ചെയ്തത്. എന്നാൽ കേസ് ഫയൽ ചെയ്യുന്നതിനോ കോടതിയിൽ നടപടികളുമായി മുന്നോട്ട് പോകുന്നതിനോ ആവശ്യമായ പ്രാഥമിക തെളിവുകൾ പോലും ഹാജരാക്കാൻ പൊലീസിന് കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തി.

അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ശക്തമായിരിക്കെയാണ് കോടതി ഇടപെടൽ ഉണ്ടായത്. ജയിൽ കവാടത്തിൽ വൻ ജനാവലിയുടെ സ്വീകരണം ഏറ്റുവാങ്ങിയ ശർമ്മ ഒലി, തന്റെ മോചനം സത്യത്തിന്റെ വിജയമാണെന്ന് പ്രതികരിച്ചു. 12 ദിവസത്തെ ജയിൽവാസം അവസാനിപ്പിച്ച് ഒലി പുറത്തിറങ്ങിയത് നേപ്പാളിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. വരും ദിവസങ്ങളിൽ ഭരണപക്ഷത്തിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
