വാഷിങ്ടൺ: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി തനിക്ക് വ്യക്തിപരമായ ബന്ധമുണ്ടെന്ന ആരോപണങ്ങളെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപ്. വൈറ്റ് ഹൗസിൽ നടത്തിയ അസാധാരണമായ വാർത്താ സമ്മേളനത്തിലാണ് തന്നെ എപ്സ്റ്റീനുമായി ബന്ധിപ്പിക്കുന്ന പ്രചാരണങ്ങൾ കള്ളമാണെന്ന് മെലാനിയ വ്യക്തമാക്കിയത്. എപ്സ്റ്റീന്റെ ലൈംഗികാതിക്രമങ്ങൾക്ക് ഇരയായവർക്ക് ക്യാപിറ്റൽ ഹില്ലിൽ മൊഴി നൽകാൻ അവസരമൊരുക്കണമെന്നും കോൺഗ്രസിനോട് അവർ ആവശ്യപ്പെട്ടു.
എപ്സ്റ്റീനുമായി താൻ ഒരിക്കലും സൗഹൃദം പുലർത്തിയിട്ടില്ലെന്ന് മെലാനിയ ട്രംപ് പറഞ്ഞു. “ന്യൂയോർക്കിലെയും പാം ബീച്ചിലെയും സാമൂഹിക സാഹചര്യങ്ങളിൽ ഒരേ പാർട്ടികളിൽ പങ്കെടുക്കേണ്ടി വന്നിട്ടുണ്ട് എന്നതൊഴിച്ചാൽ എപ്സ്റ്റീനുമായോ സഹായി ഗിസ്ലൈൻ മാക്സ്വെല്ലുമായോ തനിക്ക് യാതൊരു ബന്ധവുമില്ല. തന്നെ ലക്ഷ്യം വെച്ചുള്ള പ്രചാരണങ്ങൾ അങ്ങേയറ്റം അപകീർത്തികരമാണ്,” മെലാനിയ വ്യക്തമാക്കി. എപ്സ്റ്റീന്റെ സഹായിയായിരുന്ന മാക്സ്വെല്ലുമായി മെലാനിയ സൗഹൃദം പങ്കിടുന്ന ഇമെയിൽ സന്ദേശങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് പ്രഥമ വനിതയുടെ ഈ വിശദീകരണം.

എപ്സ്റ്റീന്റെ ഇരകൾക്ക് നീതി ഉറപ്പാക്കണമെന്ന മെലാനിയയുടെ നിലപാട് വൈറ്റ് ഹൗസിന്റെയും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും നിലവിലുള്ള നയങ്ങളിൽ നിന്നും വ്യത്യസ്തമാണ്. എപ്സ്റ്റീൻ വിഷയം രാജ്യം മറന്നു കഴിഞ്ഞുവെന്നും മുന്നോട്ട് പോകണമെന്നുമാണ് ട്രംപും ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ആവർത്തിച്ചു വ്യക്തമാക്കിയിരുന്നത്. എന്നാൽ, ഇരകളായ ഓരോ സ്ത്രീക്കും അവരുടെ അനുഭവം പരസ്യമായി പറയാൻ അവസരം നൽകണമെന്നും അത് കോൺഗ്രസ് രേഖകളിൽ ഉൾപ്പെടുത്തണമെന്നും മെലാനിയ ആവശ്യപ്പെട്ടു.
മെലാനിയ ഇത്തരമൊരു പ്രസ്താവന നടത്തുന്നതിനെക്കുറിച്ച് പ്രസിഡന്റ് ട്രംപിന് മുൻകൂട്ടി അറിവുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ, എപ്സ്റ്റീൻ കേസുകൾ കൈകാര്യം ചെയ്ത രീതിയിൽ വീഴ്ച വരുത്തിയതിനെത്തുടർന്ന് പുറത്താക്കപ്പെട്ട മുൻ അറ്റോർണി ജനറൽ പമേല ബോണ്ടി, ഇരകളോട് ക്ഷമ ചോദിക്കാൻ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് മെലാനിയയുടെ പുതിയ നീക്കം ശ്രദ്ധേയമാകുന്നത്. മാക്സ്വെല്ലും മെലാനിയയും തമ്മിൽ 2002-ൽ അയച്ച ഇമെയിലുകളിൽ പരസ്പരം സ്നേഹപ്രകടനങ്ങൾ നടത്തിയത് വാർത്താ ഏജൻസികൾ ചോദ്യം ചെയ്തിരുന്നുവെങ്കിലും അന്ന് പ്രതികരിക്കാൻ മെലാനിയയുടെ ഓഫീസ് തയ്യാറായിരുന്നില്ല.
