Friday, April 10, 2026

മെർലിൻ ഗ്ലാഡു കൂടെയുണ്ടാകും; സർക്കാരിനൊപ്പം നിൽക്കുമെന്ന് കാർണി

മൺട്രിയോൾ: രാഷ്ട്രീയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് കൺസർവേറ്റീവ് എംപി മെർലിൻ ഗ്ലാഡു ലിബറൽ പാർട്ടിയിൽ ചേർന്ന സംഭവത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി മാർക്ക് കാർണി. ഗ്ലാഡുവുമായി താൻ നേരിട്ട് സംസാരിച്ചുവെന്നും, വോട്ടെടുപ്പ് വേളകളിൽ അവർ സർക്കാരിനൊപ്പം നിൽക്കുമെന്ന് ഉറപ്പുനൽകിയതായും കാർണി വ്യക്തമാക്കി. മൺട്രിയോൾ തുറമുഖത്തെ ആദ്യ ‘രാഷ്ട്ര നിർമ്മാണ’ പദ്ധതിയായി പ്രഖ്യാപിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപ് വരെ ലിബറൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്ന മെർലിൻ ഗ്ലാഡുവിന്റെ പെട്ടെന്നുള്ള കൂടുമാറ്റം കനേഡിയൻ രാഷ്ട്രീയ ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. രാജ്യത്തിന് ഇപ്പോൾ വേണ്ടത് ഗൗരവകരമായ നേതൃത്വവും വ്യക്തമായ പദ്ധതിയുമാണെന്നാണ് തന്റെ തീരുമാനത്തിന് വിശദീകരണമായി ഗ്ലാഡു നൽകിയത്. 2015 മുതൽ പാർലമെന്റംഗമായ ഗ്ലാഡു, മുൻപ് പല വിവാദ നിലപാടുകളുടെയും പേരിൽ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. പരിവർത്തന ചികിത്സ നിരോധിക്കുന്നതിനെതിരെ വോട്ട് ചെയ്തതും, 2022-ലെ ‘ഫ്രീഡം കോൺവോയ്’ പ്രതിഷേധത്തെ പിന്തുണച്ചതും ഇതിൽ ഉൾപ്പെടുന്നു.

ഗ്ലാഡുവിന്റെ ഈ മാറ്റത്തിൽ പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. ലിബറൽ പാർട്ടി അതിന്റെ ഇടതുപക്ഷ സ്വഭാവം ഉപേക്ഷിക്കുകയാണെന്ന് എൻഡിപി ആരോപിക്കുമ്പോൾ, ഗ്ലാഡുവിനെപ്പോലെയുള്ള ഒരാളെ ഉൾക്കൊള്ളുന്നതിലൂടെ പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളിൽ മാറ്റം വരുമോ എന്ന ആശങ്കയിലാണ് ചില ലിബറൽ പാർട്ടി അംഗങ്ങൾ. എന്നാൽ ഭിന്നതകളല്ല, മറിച്ച് രാജ്യത്തിന്റെ ഐക്യമാണ് പ്രധാനമെന്നും വ്യത്യസ്ത കാഴ്ചപ്പാടുള്ളവരെ ഉൾക്കൊള്ളുന്നത് സർക്കാരിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്നുമാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.

അതേസമയം, ഗ്ലാഡുവിന്റെ മാറ്റം കൺസർവേറ്റീവ് പാർട്ടി നേതാവ് പിയേർ പൊളിയേവി ന്റെ നേതൃത്വത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്. സഭയിൽ ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്ന കാർണി സർക്കാരിന്റെ ഈ നീക്കം മൺട്രിയോളിൽ നടക്കുന്ന ലിബറൽ പാർട്ടിയുടെ ദേശീയ കൺവെൻഷനിൽ പ്രധാന ചർച്ചാവിഷയമാകും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!