മൺട്രിയോൾ: ലബനനിൽ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, ഇസ്രയേലിനെതിരെ ഉപരോധം ഏർപ്പെടുത്തുന്നത് നിലവിൽ കാനഡയുടെ പരിഗണനയിലില്ലെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. മിഡിൽ ഈസ്റ്റിലെ വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ഇസ്രയേൽ ആക്രമണം നടത്തിയെന്ന ആരോപണങ്ങൾക്കിടയിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ബുധനാഴ്ച ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 203 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള സായുധ സംഘത്തെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്നും ലബനൻ വെടിനിർത്തൽ കരാറിന്റെ ഭാഗമല്ലെന്നുമാണ് ഇസ്രയേലും അമേരിക്കയും വാദിക്കുന്നത്. എന്നാൽ നിലവിലെ വെടിനിർത്തൽ അതീവ ദുർബലമാണെന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണമെങ്കിൽ ലബനനെയും ഈ കരാറിൽ ഉൾപ്പെടുത്തണമെന്നും മൺട്രിയോൾ പോർട്ടിൽ നടന്ന ചടങ്ങിൽ മാർക്ക് കാർണി പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിനെതിരെ ഉപരോധം ഏർപ്പെടുത്തുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഇപ്പോൾ അത്തരമൊരു നീക്കത്തിനില്ലെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനാണ് കാനഡ ശ്രമിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
ഹിസ്ബുള്ളയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ലബനൻ ഉൾപ്പെടെയുള്ള മേഖലകളിൽ വെടിനിർത്തൽ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ലോകനേതാക്കൾ പുറത്തിറക്കിയ പ്രസ്താവനയിൽ കാനഡയും ഒപ്പുവെച്ചു. നിലവിൽ ഇസ്രയേലും ലബനനും തമ്മിലുള്ള ചർച്ചകൾ അടുത്ത ആഴ്ച വാഷിങ്ടണിൽ ആരംഭിക്കാനിരിക്കെ, മേഖലയിലെ സംഘർഷം ലഘൂകരിക്കാനുള്ള തീവ്രശ്രമത്തിലാണ് ലോക നേതാക്കൾ.
