ഇസ്ലാമാബാദ്: പശ്ചിമേഷ്യയില്‍ രണ്ടാഴ്ചയായി തുടരുന്ന വെടിനിര്‍ത്തല്‍ അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍, സമാധാനം പുനഃസ്ഥാപിക്കാനുള്ള നിര്‍ണായക ചര്‍ച്ചകള്‍ക്ക് പാക് തലസ്ഥാനമായ ഇസ്ലാമാബാദ് വേദിയാകുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള ഉന്നതതല ചര്‍ച്ചകള്‍ ഇന്ന് ആരംഭിച്ചു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ നേതൃത്വത്തിലുള്ള സംഘവും ഇറാന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഖാലിബാഫ് നയിക്കുന്ന പ്രതിനിധികളുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
ഇന്നും നാളെയുമായി നടക്കുന്ന പ്രാഥമിക ചര്‍ച്ചകള്‍ വരുംദിവസങ്ങളിലും തുടരാനാണ് സാധ്യത. വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്നെങ്കിലും ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് ഇനിയും അനുമതി ലഭിക്കാത്തത് അന്താരാഷ്ട്ര തലത്തില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. യുദ്ധത്തില്‍ ഇതുവരെ മൂവായിരത്തിലധികം പേര് കൊല്ലപ്പെട്ടതായി ഇറാന് ഫോറന്‍സിക് മെഡിക്കല്‍ ഓര്ഗനൈസേഷന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

അതേസമയം, ലെബനാനുമായി സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യാമിന് നെതന്യാഹു അറിയിച്ചു. ഹിസ്ബുല്ലയുടെ നിരായുധീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ വേഗത്തിലാക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്കി. എന്നാല്‍, ഈ പ്രഖ്യാപനങ്ങള്‍ക്കിടയിലും ലെബനാനിലെ നൂറോളം കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 250 പേര് കൊല്ലപ്പെടുകയും ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൗരന്മാര് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ലെബനാനില്‍ ഇന്ന് ദേശീയ ദുഃഖാചരണമാണ്.
