വാഷിങ്ടൺ: അമേരിക്കയും വത്തിക്കാനും തമ്മിലുള്ള ബന്ധം നയതന്ത്ര പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. കത്തോലിക്കാ സഭയുടെ തലവൻ പോപ്പ് ലിയോ പതിനാലാമൻ ട്രംപ് ഭരണകൂടത്തിന്റെ വിദേശ നയങ്ങളെ വിമർശിച്ചതിനെത്തുടർന്ന്, വത്തിക്കാൻ നയതന്ത്ര പ്രതിനിധിയെ പെന്റഗണിലേക്ക് വിളിപ്പിച്ച് അമേരിക്കൻ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. സഭയുടെ സ്വയംഭരണാധികാരത്തിന് മേലുള്ള കടന്നുകയറ്റമായാണ് വത്തിക്കാൻ ഈ നീക്കത്തെ കണക്കാക്കുന്നത്. പെന്റഗണിന്റെ ഭീഷണിയോട് ശക്തമായ ഭാഷയിലാണ് വത്തിക്കാൻ പ്രതികരിച്ചത്. ഇതിന്റെ ഭാഗമായി മാർപ്പാപ്പ തന്റെ എല്ലാ അമേരിക്കൻ യാത്രകളും റദ്ദാക്കി. അമേരിക്കയുടെ 250-ാം വാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കാൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നൽകിയ ക്ഷണം അദ്ദേഹം നിരസിച്ചു. പകരം, മാർപ്പാപ്പ ആഫ്രിക്കൻ അഭയാർത്ഥികൾ യൂറോപ്പിലേക്ക് എത്തുന്ന പ്രധാന കേന്ദ്രമായ ഇറ്റലിയിലെ ലാംപെഡൂസ ദ്വീപ് സന്ദർശിക്കാനാണ് സാധ്യത.

അമേരിക്കയിൽ ജനിച്ച ആദ്യ മാർപ്പാപ്പയായ ലിയോ പതിനാലാമൻ, ട്രംപ് ഭരണകൂ ടത്തിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകളെയും സൈനികാധിപത്യത്തെയും നേരത്തെ തന്നെ വിമർശിച്ചിരുന്നു. 2026 ജനുവരിയിൽ വത്തിക്കാൻ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യവെ, ലോകത്ത് വർദ്ധിച്ചുവരുന്ന സൈനികാധിപത്യത്തെ യുദ്ധം വീണ്ടും ഫാഷ നാകുന്നു എന്ന് അദ്ദേഹം കഠിനമായി വിമർശിച്ചു. ആയുധബലം കാട്ടി ലോകത്തെ കീഴടക്കുന്ന രീതിക്ക് പകരം സമാധാന ചർച്ചകൾ വേണമെന്ന മാർപ്പാപ്പയുടെ നിലപാടാണ് പെന്റഗണെ ചൊടിപ്പിച്ചത്. യുഎസ് അണ്ടർ സെക്രട്ടറി എൽബ്രിഡ്ജ് കോൾബി, വത്തിക്കാൻ സ്ഥാനപതി കർദ്ദിനാൾ ക്രിസ്റ്റോഫ് പിയറിനെ പെന്റഗണിലേക്ക് വിളിപ്പിച്ചു നടത്തിയ കൂടിക്കാഴ്ചയാണ് വിവാദമായത്. മാർപ്പാപ്പയുടെ പ്രസംഗം അമേരിക്കയോടുള്ള ശത്രുതാപരമായ സന്ദേശമാണെന്നും സഭ അമേരിക്കയുടെ താൽപ്പര്യങ്ങൾക്കൊപ്പം നിൽക്കുന്നതാണ് നല്ലതെന്നുമായിരുന്നു കോൾബിയുടെ മുന്നറിയിപ്പ് എന്നാണ് സൂചനകൾ. അതേസമയം, വത്തിക്കാനെ ഭീഷണിപ്പെടുത്തിയെന്ന വാർത്തകൾ വൈറ്റ് ഹൗസ് നിഷേധിച്ചു. വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അതിശയോക്തി കലർന്നതാണെന്നും ചർച്ചകൾ മാന്യമായ രീതിയിലാണ് നടന്നതെന്നും യുഎസ് യുദ്ധ മന്ത്രാലയം വ്യക്തമാക്കി. ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് ബുധനാഴ്ച ഹംഗറി സന്ദർശനത്തിനിടെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറഞ്ഞു.
