വാഷിങ്ടണ്‍ ഡിസി: ഇറാന്‍ മുന്നോട്ടുവെച്ച പത്ത് നിര്‍ദ്ദേശങ്ങളുടെ പട്ടിക അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പാടേ നിരസിച്ചുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ്. വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത ഇറാന്റെ പ്രാരംഭ നിര്‍ദ്ദേശങ്ങള്‍ പ്രസിഡന്റും സംഘവും അക്ഷരാര്‍ത്ഥത്തില്‍ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് അവര്‍ വ്യക്തമാക്കി. ചര്‍ച്ചകള്‍ക്ക് പ്രായോഗികമായ മറ്റൊരു അടിസ്ഥാനം ലഭിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ ജനതയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ ഒരു കരാറിനും പ്രസിഡന്റ് തയ്യാറാവില്ലെന്ന് വൈറ്റ് ഹൗസ് ഉറപ്പുനല്‍കി. എന്നാല്‍, ഇറാന്‍ വിഷയത്തില്‍ വൈറ്റ് ഹൗസിനുള്ളിലും യുഎസ് രാഷ്ട്രീയത്തിലും ഭിന്നത രൂക്ഷമാകുകയാണ്. ഇറാന്റെ പത്തു പോയിന്റ് നിര്‍ദ്ദേശങ്ങള്‍ ട്രംപിന്റെ കീഴടങ്ങലാണെന്ന് സെനറ്റര്‍ ക്രിസ് മര്‍ഫി ആരോപിച്ചതിന് പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. ഇതിനിടെ, ട്രംപ് പ്രസിഡന്റ് സ്ഥാനത്തിന് മാനസികമായി യോഗ്യനല്ലെന്നും അദ്ദേഹത്തെ നീക്കം ചെയ്യാന്‍ നടപടി വേണമെന്നും ഒരു യുഎസ് സെനറ്റര്‍ ആവശ്യപ്പെട്ടത് ഭരണകൂടത്തിന് വലിയ തിരിച്ചടിയായി.

അതേസമയം, ഹോര്‍മുസ് കടലിടുക്കിനെ ചൊല്ലിയുള്ള തര്‍ക്കം യുദ്ധസമാനമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. കടലിടുക്ക് തുറക്കാന്‍ ഇറാന്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും, മണിക്കൂറുകള്‍ക്കുള്ളില്‍ അത് വീണ്ടും അടച്ചുപൂട്ടുന്നതായി ഇറാന്‍ പ്രഖ്യാപിച്ചു. വെടിനിര്‍ത്തല്‍ വേണോ അതോ ഇസ്രയേലുമായുള്ള പൂര്‍ണ്ണ യുദ്ധം വേണോ എന്ന് അമേരിക്ക തീരുമാനിക്കണമെന്ന കടുത്ത നിലപാടിലാണ് ഇറാന്‍.
