എഡ്മിന്റൻ: കാനഡയിൽ നിന്ന് ആൽബർട്ട വേർപിരിയണമെന്ന ആവശ്യത്തിന് ജനപിന്തുണ വർധിക്കുന്നതായി പുതിയ സർവേ റിപ്പോർട്ടുകൾ. Pollara നടത്തിയ സർവേ പ്രകാരം ഏകദേശം 27% പേർ സ്വതന്ത്ര ആൽബർട്ട എന്ന ആശയത്തെ അനുകൂലിക്കുന്നുണ്ട്. ശതകോടീശ്വരൻ ഇലോൺ മസ്ക്, ഹാസ്യനടൻ റോബ് ഷനൈഡർ തുടങ്ങിയ ആഗോള പ്രശസ്തർ വിഘടനവാദത്തിന് പിന്തുണ പ്രഖ്യാപിച്ചത് ഈ നീക്കത്തിന് വലിയ പ്രചാരം നൽകിയിട്ടുണ്ട്. അമേരിക്കയിലെ ട്രംപ് അനുകൂലികൾക്കും MAGA ശൃംഖലയ്ക്കും ആൽബർട്ടയുടെ സ്വാതന്ത്ര്യത്തിൽ വലിയ താൽപ്പര്യമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടി.
എന്നാൽ, വിഘടനവാദ നീക്കം വിദേശ ഇടപെടലാണെന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്നും ആൽബർട്ട എൻ.ഡി.പി നേതാവ് നഹിദ് നെൻഷി ആരോപിച്ചു. വിഘടനവാദി നേതാക്കൾ അമേരിക്കൻ രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് സാമ്പത്തിക സഹായം തേടുന്നത് അപകടകരമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിനെ പ്രതിരോധിക്കാനായി ‘ഫോർ ആൽബർട്ട, ഫോർ കാനഡ’ എന്ന പേരിൽ വലിയ പ്രചാരണ പരിപാടികൾക്ക് എൻ.ഡി.പി തുടക്കം കുറിച്ചിട്ടുണ്ട്. ഒക്ടോബറിൽ നടക്കാൻ സാധ്യതയുള്ള ഹിതപരിശോധനയ്ക്ക് മുന്നോടിയായി ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഇവരുടെ ശ്രമം.

ഫസ്റ്റ് നേഷൻസ് വിഭാഗം വിഭജനത്തിനെതിരെ കോടതിയെ സമീപിച്ചു. ഈ നീക്കം നിക്ഷേപങ്ങളെ ബാധിക്കുമെന്നും തങ്ങളുടെ അവകാശങ്ങൾ തകർക്കുമെന്നും ആശങ്ക പ്രകടിപ്പിച്ചു. വിഭജനത്തെ അനുകൂലിക്കുന്നവരിൽ ഭൂരിഭാഗവും കാനഡയെ സ്നേഹിക്കുന്നവരാണെന്നും, അതിനാൽ രാജ്യം ഒന്നിച്ചുനിൽക്കാൻ ആവശ്യമായത് ചെയ്യുമെന്നും പ്രീമിയർ ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി.
