വിനിപെഗ്: മാനിറ്റോബ ഇന്യൂട്ട് അസോസിയേഷന്റെ മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നസ്താനിയ മുള്ളിനെ (39) ലൈംഗിക അതിക്രമക്കേസുകളിൽ അറസ്റ്റ് ചെയ്ത് പൊലീസ്. നുനാവട്ടിൽ നിന്നുള്ള റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) കഴിഞ്ഞ വർഷം ആരംഭിച്ച അന്വേഷണത്തിനൊടുവിൽ ബുധനാഴ്ച വിനിപെഗിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. പ്രതിയെ ഉടൻ തന്നെ കോടതി നടപടികൾക്കായി നുനാവട്ടിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.
നാല് പേർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ ഏഴ് വ്യത്യസ്ത ലൈംഗിക അതിക്രമ കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 2003 മുതൽ 2023 വരെയുള്ള കാലയളവിൽ ഇഖാലുയിറ്റിൽ വെച്ചാണ് കേസിനാസ്പദമായ പീഡനങ്ങൾ നടന്നതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന അതിക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് അന്വേഷണത്തിൽ പുറത്തുവന്നിരിക്കുന്നത്.

മാനിറ്റോബ പ്രവിശ്യയിലെ ഇന്യൂട്ട് വംശജരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയുടെ തലവനായിരുന്നു മുള്ളിൻ. ഇയാൾക്കെതിരെ ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന് കഴിഞ്ഞ നവംബറിൽ ഇയാളെ ഔദ്യോഗിക സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
