കൊല്ലം: വാഹന മോഡിഫിക്കേഷൻ അനുവദിക്കുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രഖ്യാപനത്തിന് തകർപ്പൻ മറുപടിയുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. കേന്ദ്ര നിയമങ്ങളെയും കോടതി ഉത്തരവുകളെയും വെല്ലുവിളിക്കാൻ ആർക്കും കഴിയില്ലെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി.
യുഡിഎഫ് അധികാരത്തിൽ വന്നാൽ സുരക്ഷിതമായ രീതിയിൽ വാഹന പരിഷ്കരണം അനുവദിക്കുമെന്നായിരുന്നു വി.ഡി. സതീശന്റെ വാഗ്ദാനം. എന്നാൽ സതീശനല്ല, രാഹുൽ ഗാന്ധി വന്നാലും കേന്ദ്രനിയമം മറികടക്കാൻ കഴിയില്ലെന്ന് ഗണേഷ് കുമാർ പരിഹസിച്ചു. സതീശൻ ‘തള്ളിന്റെ ആശാനാണ്’ എന്നും അദ്ദേഹം കഴിഞ്ഞ അഞ്ചു വർഷം പറഞ്ഞതൊന്നും സത്യമായിട്ടില്ലെന്നും ഗണേഷ് കുമാർ പരിഹസിച്ചു. എന്തായാലും
വാഹന മോഡിഫിക്കേഷൻ കാത്തിരിക്കുന്ന യുവാക്കളെ കയ്യിലെടുക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കം വെറും രാഷ്ട്രീയ അഭ്യാസം മാത്രമാണെന്നാണ് ഗണേഷ് കുമാറിന്റെ പക്ഷം.

വയനാട്ടിലെ വീട് നിർമ്മാണവും പുനരധിവാസവും ചൂണ്ടിക്കാട്ടിയായിരുന്നു ഗണേഷ് കുമാറിന്റെ മറ്റൊരു വിമർശനം. വയനാട്ടിൽ വീട് വെച്ച് കൊടുക്കാൻ പറ്റാത്ത കോൺഗ്രസാണോ കേരളം ഭരിക്കാൻ പോകുന്നത്. യുഡിഎഫിന്റെ ഗ്യാരണ്ടികൾ കേരളത്തെ നശിപ്പിക്കാനേ ഉപകരിക്കൂ എന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു. കേരളത്തിൽ ഇത്തവണ നടന്നത് സാധാരണ നിലയിലുള്ള പോളിംഗ് മാത്രമാണ്. വൻ വർധനവുണ്ടായി എന്ന് പറയാനാകില്ല. ആറ് ശതമാനമെങ്കിലും വോട്ട് കൂടിയാലേ അതിനെ അസാധാരണമായി കാണാൻ കഴിയൂ എന്നും ഗണേഷ് കുമാർ പറഞ്ഞു.
