ഹാലിഫാക്സ്: നോവസ്കോഷയിൽ വീട് വിൽപനയിൽ മാർച്ചിൽ വലിയ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ ഇതേ മാസത്തെ അപേക്ഷിച്ച് വിൽപനയിൽ ഗണ്യമായ കുറവുണ്ടായതായി റിയൽ എസ്റ്റേറ്റ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹാലിഫാക്സ്-ഡാർട്ട്മൗത്ത് മേഖലയിൽ വിൽപന 10 ശതമാനത്തോളം കുറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തെ ശരാശരി കണക്കുകളെ അപേക്ഷിച്ച് 20 ശതമാനത്തോളം കുറവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
വിൽപന കുറഞ്ഞെങ്കിലും വിപണിയിൽ ലഭ്യമായ വീടുകളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. നിലവിൽ 3,601 വീടുകളാണ് വിൽപനയ്ക്കായി വിപണിയിലുള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ മാർച്ച് മാസത്തിൽ ഇത്രയധികം വീടുകൾ വിൽപനയ്ക്ക് വരുന്നത് ആദ്യമായാണ്. എന്നാൽ വീടുകളുടെ ശരാശരി വിലയിൽ 0.2 ശതമാനത്തിന്റെ നേരിയ വർധന മാത്രമാണ് ഉണ്ടായത്.

2026-ന്റെ ആദ്യ മൂന്ന് മാസത്തെ കണക്കുകൾ പ്രകാരം വീട് വിൽപനയിൽ 9 ശതമാനത്തിന്റെ കുറവുണ്ട്. മാർച്ചിലെ ആകെ വിൽപന മൂല്യം 35.76 കോടി ഡോളറാണ്; ഇത് മുൻവർഷത്തെക്കാൾ 8.2 ശതമാനം കുറവാണ്. വിപണിയിലെ ഈ മന്ദഗതി വരും മാസങ്ങളിലും തുടരുമോ എന്നാണ് റിയൽ എസ്റ്റേറ്റ് രംഗത്തുള്ളവർ ഉറ്റുനോക്കുന്നത്.
