തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫിന് ജനങ്ങള്‍ ചരിത്രവിജയം സമ്മാനിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ഭരണമാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ അത്യാവേശത്തോടെയാണ് വോട്ട് രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂറിലധികം സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് മുന്നണിയുടെ കണക്കുകൂട്ടല്‍. മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും മുസ്ലിം ലീഗ് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘അര്‍ഹതയുണ്ടെന്നാണ് ലീഗ് പറഞ്ഞത്, അല്ലാതെ പദവി ആവശ്യപ്പെട്ടിട്ടില്ല’ – ചെന്നിത്തല വിശദീകരിച്ചു. തിരഞ്ഞെടുപ്പ് വേളയില്‍ യുഡിഎഫ് ഒരു മനസ്സോടെയാണ് പ്രവര്‍ത്തിച്ചതെന്നും എതിരാളികളെ വ്യക്തിപരമായി അധിക്ഷേപിക്കാതെ അന്തസ്സുള്ള പ്രചാരണമാണ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും സാന്നിധ്യം പ്രചാരണത്തിന് വലിയ കരുത്തായെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന് സര്‍ക്കാരിന് ജനങ്ങള്‍ ‘ഗുഡ് ബൈ’ പറയുന്ന കാഴ്ചയാണ് വോട്ടെടുപ്പില്‍ കണ്ടതെന്ന് അദ്ദേഹം പരിഹസിച്ചു. പലയിടങ്ങളിലും സിപിഐഎം-ബിജെപി അന്തര്‍ധാര ദൃശ്യമായെങ്കിലും അതിനെയെല്ലാം മറികടന്ന് യുഡിഎഫ് വിജയിക്കും. ബിജെപി ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്നും മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിലുണ്ടായ അക്രമങ്ങളെ രമേശ് ചെന്നിത്തല ശക്തമായി അപലപിച്ചു. പരാജയഭീതി പൂണ്ട സിപിഐഎം അക്രമ സ്വഭാവം ഉപേക്ഷിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കുഞ്ഞികൃഷ്ണന്റെ പേരെഴുതിയ മതില് പോലും തള്ളിയിട്ടത് ഇതിന് ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പോളിങ് ശതമാനത്തിലുണ്ടായ വര്‍ദ്ധനവ് യുഡിഎഫിന് അനുകൂലമാണെന്നും ഭരണവിരുദ്ധ വികാരം വോട്ടായി മാറിയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
