ഓട്ടവ: കാനഡയുടെ യുദ്ധവിമാന കരാർ സ്വന്തമാക്കാനുള്ള പോരാട്ടത്തിൽ യു.എസ് കരുത്തനായ എഫ്-35 (F-35) വിമാനങ്ങളെ പിന്തള്ളാൻ തന്ത്രപരമായ നീക്കവുമായി സ്വീഡിഷ് കമ്പനിയായ സാബ്. കാനഡയുടെ അതീവ രഹസ്യ സ്വഭാവമുള്ള യുദ്ധവിവരങ്ങൾ കാനഡയുടെ മണ്ണിൽ തന്നെ സുരക്ഷിതമായി സൂക്ഷിക്കാനായി മൺട്രിയോളിൽ ഒരു സോവറിൻ ഡാറ്റാ സെന്റർ സ്ഥാപിക്കാമെന്നാണ് സാബിൻ്റെ വാഗ്ദാനം. അമേരിക്കൻ നിർമ്മിത എഫ്-35 വിമാനങ്ങളുടെ മുഴുവൻ വിവരങ്ങളും ശേഖരിക്കപ്പെടുന്നത് അമേരിക്കയിലെ ടെക്സസിലുള്ള ലോക്ഹീഡ് മാർട്ടിൻ സെന്ററിലാണ്. ഇത് കാനഡയുടെ രഹസ്യങ്ങൾ യു.എസ് സർക്കാരിനും കമ്പനിക്കും കാണാൻ സാധിക്കുമെന്നതിലാണ് ആശങ്ക. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള സർക്കാർ എഫ്-35 കരാർ പുന:പരിശോധിച്ചു വരുന്ന സാഹചര്യത്തിലാണ് സാബിന്റെ ഈ പുതിയ വാഗ്ദാനം. അതേ സമയം സാബിന്റെ ഗ്രിപ്പൻ വിമാനങ്ങൾ വാങ്ങുകയാണെങ്കിൽ, വിമാനത്തിന്റെ സോഫ്റ്റ്വെയറിലും ശേഖരിക്കപ്പെടുന്ന വിവരങ്ങളിലും കാനഡയ്ക്ക് പൂർണ്ണ നിയന്ത്രണമുണ്ടായിരിക്കുമെന്ന് സാബ് വക്താവ് സിറ ഫുല്ലെർട്ടൺ വ്യക്തമാക്കി. 72 ഗ്രിപ്പൻ വിമാനങ്ങളും 6 ഗ്ലോബൽ ഐ നിരീക്ഷണ വിമാനങ്ങളും കാനഡയിൽ തന്നെ നിർമ്മിച്ച് നൽകും. ഇത് കാനഡയുടെ സമ്പദ്വ്യവസ്ഥയ്ക്കും തൊഴിൽ മേഖലയ്ക്കും വലിയ ഗുണം ചെയ്യും.യു.എസ് നിയമങ്ങൾ (CLOUD Act) വഴി കാനഡയുടെ പ്രതിരോധ വിവരങ്ങളിൽ യു.എസ് ഏജൻസികൾ ഇടപെടുന്നത് തടയാൻ മൺട്രിയോളിലെ സ്വന്തം ഡാറ്റാ സെന്റർ വഴി സാധിക്കും. ഈ പദ്ധതിയിലൂടെ ഏകദേശം 12,600 തൊഴിലവസരങ്ങൾ കാനഡയിൽ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കുകൂട്ടൽ.

യു.എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാറ്റോ സഖ്യത്തിനെതിരെ കടുത്ത നിലപാടുകൾ സ്വീകരിക്കുന്ന പശ്ചാത്തലത്തിൽ, പ്രതിരോധ കാര്യങ്ങളിൽ അമേരിക്കയെ മാത്രം ആശ്രയിക്കുന്നത് പിന്നീട് കൂടുതൽ സ്ഥിതി സങ്കീർണമാക്കുമോ എന്ന കാര്യത്തിൽ കാനഡയ്ക്ക് ആശങ്കയുണ്ട്. എഫ്-35 (F-35) ലെ ഓഡിൻ’ (ODIN) എന്ന സിസ്റ്റം വിമാനത്തിന്റെ എല്ലാ വിവരങ്ങളും തത്സമയം യു.എസിലെ ക്സസിലുള്ള സെർവറുകളിലേക്ക് അയക്കും. ഇതിലാണ് കാനഡയ്ക്ക് ആശങ്ക ഉയരുന്നത്. എന്നാൽ, യു.എസ് നിർമ്മിത വിമാനങ്ങൾ മാറ്റിനിർത്തുന്നത് വടക്കേ അമേരിക്കൻ വ്യോമ പ്രതിരോധ സഖ്യമായ ‘നോറാഡിനെ’ ബാധിക്കുമെന്ന് യുഎസ് മുൻ അംബാസഡർ പീറ്റ് ഹോക്സ്ട്ര മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
