വൻകൂവർ: കാനഡയിലെ സൗത്ത് സറേയിൽ ആരോഗ്യസേവനങ്ങൾ കൂടുതൽ വിപുലീകരിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. പുതിയ അർജന്റ് ആൻഡ് പ്രൈമറി കെയർ സെന്റർ (UPCC) ഏപ്രിൽ 15 ബുധനാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി ജോസി ഓസ്ബോൺ അറിയിച്ചു.
പൊതു അവധി ദിവസങ്ങൾ ഉൾപ്പെടെ ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ കേന്ദ്രം തുറന്ന് പ്രവർത്തിക്കും. ചെറിയ പരുക്കുകൾ, അണുബാധകൾ, മുറിവുകൾ തുടങ്ങിയവയ്ക്ക് അടിയന്തര ചികിത്സ ആവശ്യമുള്ളവർക്ക് 12 മുതൽ 24 മണിക്കൂറിനുള്ളിൽ ഇവിടെ സേവനം ലഭ്യമാകും. അത്യാഹിത വിഭാഗങ്ങളിലെ തിരക്ക് കുറയ്ക്കാനും ജനങ്ങൾക്ക് വീടിനടുത്തായി വേഗത്തിൽ ചികിത്സ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതിയെന്ന് മന്ത്രി വ്യക്തമാക്കി.

ഡോക്ടർമാർ, നഴ്സ് പ്രാക്ടീഷണർമാർ, സോഷ്യൽ വർക്കർമാർ എന്നിവരടങ്ങുന്ന 23 അംഗ വിദഗ്ധ സംഘമാണ് ഇവിടെയുള്ളത്. പ്രതിവർഷം 57,000 രോഗികളെ ചികിത്സിക്കാൻ ശേഷിയുള്ള ഈ കേന്ദ്രത്തിൽ എക്സ്-റേ ഉൾപ്പെടെയുള്ള മെഡിക്കൽ ഇമേജിങ് സൗകര്യങ്ങളും സജ്ജമാണ്. നേരിട്ടുള്ള പരിശോധനകൾക്ക് പുറമെ ആവശ്യമെങ്കിൽ വെർച്വൽ കെയർ സൗകര്യവും രോഗികൾക്ക് ഉപയോഗപ്പെടുത്താം. സ്ഥിരം ഫാമിലി ഡോക്ടർമാരെ ആവശ്യമുള്ളവർക്ക് ഹെൽത്ത് കണക്ട് രജിസ്ട്രി വഴി അതിനുള്ള സഹായവും ഈ കേന്ദ്രം നൽകുമെന്ന് ഫ്രേസർ ഹെൽത്ത് അറിയിച്ചു.
