വാഷിങ്ടൺ: ഇറാനിലേക്ക് ചൈന അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങൾ കൈമാറുന്നതായി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. തോളിൽ വെച്ച് തൊടുക്കാവുന്ന വിമാനവേധ മിസൈലുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ വരും ആഴ്ചകളിൽ ഇറാനിലെത്തുമെന്നാണ് റിപ്പോർട്ട്.
മൂന്നാം രാജ്യങ്ങൾ വഴി ആയുധങ്ങൾ കൈമാറി ഉറവിടം മറച്ചുവെക്കാനാണ് ചൈനയുടെ നീക്കം. ഇത് പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് വലിയ ഭീഷണിയാകുമെന്ന് യുഎസ് കരുതുന്നു. ആയുധങ്ങൾക്ക് പുറമെ ബാലിസ്റ്റിക് മിസൈലുകൾ നിർമ്മിക്കാനാവശ്യമായ അമോണിയം പെർക്ലോറേറ്റ് പോലുള്ള രാസവസ്തുക്കളും ചൈന ഇറാനിലെത്തിക്കുന്നുണ്ട്.

ഇറാനിലേക്ക് ആയുധം നൽകുന്ന രാജ്യങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വ്യക്തമാക്കി. ഇത്തരം രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം നികുതി ഏർപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
എന്നാൽ ഈ ആരോപണങ്ങൾ ചൈന തള്ളി. തങ്ങളുടെ വ്യാപാര ഇടപാടുകൾ അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമാണെന്നും ആയുധം നൽകുന്നു എന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും ചൈനീസ് എംബസി അറിയിച്ചു. യുഎസ്-ഇറാൻ സംഘർഷം അവസാനിപ്പിക്കാൻ പാകിസ്താനിൽ സമാധാന ചർച്ചകൾ നടക്കാനിരിക്കെ പുറത്തുവന്ന ഈ വെളിപ്പെടുത്തൽ ആഗോള രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യമർഹിക്കുന്നു.
