ന്യൂയോർക്ക്: അമേരിക്കയിൽ ഡോണാൾഡ് ട്രംപ് ഭരണകൂടം നടപ്പിലാക്കിയ പുതിയ നികുതി പരിഷ്കാരങ്ങൾ വലിയ വിജയമെന്ന് റിപ്പോർട്ട്. ടിപ്പുകൾക്കും ഓവർടൈം വരുമാനത്തിനും നികുതി ഒഴിവാക്കിയതിലൂടെ ഏകദേശം 30 ദശലക്ഷം (3 കോടി) അമേരിക്കക്കാർക്ക് ഇതിനോടകം ഗുണം ലഭിച്ചതായി ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വെളിപ്പെടുത്തി. ഏപ്രിൽ 15-ലെ നികുതി ഫയലിംഗ് കാലാവധിക്ക് മുന്നോടിയായി ന്യൂയോർക്കിൽ നടന്ന ഒരു ചടങ്ങിലാണ് അദ്ദേഹം ഈ കണക്കുകൾ പങ്കുവെച്ചത്.
ഏകദേശം 57 ലക്ഷം നികുതിദായകർ ടിപ്പ് വരുമാനത്തിനുള്ള നികുതി ഇളവിനായി അപേക്ഷിച്ചു. 2.3 കോടി ആളുകൾ ഓവർടൈം വരുമാനത്തിന് നികുതി ഒഴിവാക്കാനുള്ള ആനുകൂല്യം പ്രയോജനപ്പെടുത്തി. ഈ ഇളവുകൾ വഴി സാധാരണക്കാരായ തൊഴിലാളികളുടെ കൈവശം എത്തുന്ന ശമ്പളത്തിൽ കാര്യമായ വർദ്ധനവുണ്ടായി.

ഹോട്ടൽ, ബാർ തുടങ്ങിയ സേവന മേഖലകളിൽ പുതിയ തൊഴിലാളികളെ ആകർഷിക്കാൻ ഈ തീരുമാനം സഹായിച്ചതായി ബിസിനസ്സ് ഉടമകൾ സാക്ഷ്യപ്പെടുത്തുന്നു. ഭരണകൂടത്തിന്റെ “വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്റ്റ്” എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ഇളവുകൾ കൊണ്ടുവന്നത്. വാഹന വായ്പയുടെ പലിശ കുറയ്ക്കുക, മുതിർന്ന പൗരന്മാർക്ക് ആശ്വാസം നൽകുക തുടങ്ങിയ നിർദ്ദേശങ്ങളും ഈ പാക്കേജിലുണ്ട്. നികുതി ഫയലിംഗ് പൂർത്തിയാകുന്നതോടെ ഈ പരിഷ്കാരങ്ങൾ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാക്കിയ കൂടുതൽ മാറ്റങ്ങൾ വ്യക്തമാകുമെന്നും സ്കോട്ട് ബെസെന്റ് കൂട്ടിച്ചേർത്തു.
