ഇസ്ലാമാബാദ്: പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ ഭീകരതയും നൊമ്പരവും പേറുന്ന കാഴ്ചകളുമായി ഇറാന്‍ പ്രതിനിധി സംഘം പാക്കിസ്ഥാനിലെത്തി. മിനാബ് കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട നൂറ്റിയറുപതോളം പെണ്‍കുട്ടികളുടെ സ്മരണയ്ക്കായി ‘മിനാബ് 168’ (Minab 168) എന്ന് പേരിട്ടിരിക്കുന്ന ദൗത്യസംഘമാണ് സമാധാന ചര്‍ച്ചകള്‍ക്കായി ഇസ്ലാമാബാദില്‍ വിമാനമിറങ്ങിയത്. ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫിന്റെ നേതൃത്വത്തിലുള്ള സംഘം, കൊല്ലപ്പെട്ട കുട്ടികളുടെ രക്തം പുരണ്ട സ്‌കൂള്‍ ബാഗുകളും ഷൂസുകളും ചിത്രങ്ങളുമായാണ് എത്തിയത്.

‘ഈ വിമാനയാത്രയില്‍ ഇവരാണ് എന്റെ സഹയാത്രികര്‍’ എന്ന് കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രങ്ങള്‍ക്കൊപ്പം ഗാലിബാഫ് കുറിച്ചത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. ഫെബ്രുവരി 28-ന് തെക്കന്‍ ഇറാനിലെ മിനാബ് നഗരത്തിലുള്ള ‘ഷജറെ തയ്യിബ’ പെണ്‍പള്ളിക്കൂടത്തിന് നേരെ നടന്ന ആക്രമണത്തിന്റെ ആഘാതം ലോകത്തിന് മുന്നില്‍ തുറന്നുകാട്ടാനാണ് ഇറാന്‍ ഈ രീതി തിരഞ്ഞെടുത്തത്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, ജാരെഡ് കുഷ്‌നര്‍ തുടങ്ങിയവരടങ്ങുന്ന യുഎസ് സംഘവുമായാണ് ഇവര്‍ ചര്‍ച്ച നടത്തുന്നത്.
