ടൊറന്റോ: ഒന്റാരിയോയിൽ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം കാണുന്നവർക്ക് ആശ്വാസകരമായ വാർത്തയുമായി പുതിയ റിപ്പോർട്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വർധിച്ചുവരുന്ന ഭവനവില കാരണം സാധാരണക്കാർക്ക് വീട് എന്നത് അപ്രാപ്യമായിക്കൊണ്ടിരിക്കുകയായിരുന്നു. ഈ വർഷം ഫെബ്രുവരിയിലെ കണക്കനുസരിച്ച് ഒന്റാരിയോയിൽ ഒരു വീടിന്റെ ശരാശരി വില 8,02,601 ഡോളറാണ്. എന്നാൽ ടൊറന്റോ, ഓക്വിൽ തുടങ്ങിയ നഗരങ്ങളിലെ ഉയർന്ന വിലയുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ ചിലവിൽ താമസിക്കാൻ അനുയോജ്യമായ സ്ഥലങ്ങൾ ഒന്റാരിയോയിൽ ഉണ്ടെന്നാണ് ‘സോളോ’ (Zolo) പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഒന്റാരിയോയിൽ ഏറ്റവും കുറഞ്ഞ ചിലവിൽ താമസിക്കാൻ കഴിയുന്ന ആദ്യ പത്ത് സ്ഥലങ്ങളിൽ ആറെണ്ണവും ഓട്ടവ റീജിയണിലാണെന്നത് ശ്രദ്ധേയമാണ്. ഇതിൽ Arnprior ആണ് പട്ടികയിൽ ഒന്നാമത്. 12,000-ത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ഈ നഗരത്തിൽ ഒരു വീടിന്റെ ശരാശരി വില ഏകദേശം 3,99,995 ഡോളറാണ്.

നഗരജീവിതത്തിന്റെ സൗകര്യങ്ങൾ ആഗ്രഹിക്കുന്നവർക്ക് കനാട (Kanata) മികച്ചൊരു തിരഞ്ഞെടുപ്പാണ്. ഒന്റാരിയോയിലെ ഏറ്റവും കുറഞ്ഞ ചിലവുള്ള വലിയ നഗരമായാണ് കനാടയെ കണക്കാക്കുന്നത്. കാനഡയിലെ ഏറ്റവും വലിയ ടെക്നോളജി പാർക്ക് സ്ഥിതി ചെയ്യുന്ന ഇവിടെ കുടുംബങ്ങളുടെ ശരാശരി വരുമാനം പ്രവിശ്യയിലെ മറ്റ് നഗരങ്ങളേക്കാൾ വളരെ കൂടുതലാണ്. ഇവിടുത്തെ ശരാശരി ഭവനവില 6,23,750 ഡോളറാണ്. കനാടയ്ക്ക് പുറമെ നേപിയൻ, കാൾട്ടൺ പ്ലേസ്, റോക്ക്ലാൻഡ്, ഓട്ടവ, പെംബ്രോക്ക് എന്നീ നഗരങ്ങളും താങ്ങാനാവുന്ന വിലയിൽ വീടുകൾ ലഭ്യമായ മികച്ച പത്ത് സ്ഥലങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
കൂടുതൽ കുറഞ്ഞ ചിലവുള്ള സ്ഥലങ്ങൾ തേടി പലരും ഒന്റാരിയോ വിട്ടുപോകുന്നുണ്ടെങ്കിലും, ഈ റിപ്പോർട്ട് അനുസരിച്ച് ഒന്റാരിയോയിൽ തന്നെ താങ്ങാനാവുന്ന വിലയിൽ വീടുകൾ കണ്ടെത്താൻ സാധിക്കും. എന്നാൽ ഒരു സ്ഥലം തിരഞ്ഞെടുക്കുന്നതിന് മുൻപ് അവിടെയുള്ള തൊഴിലവസരങ്ങളും ജീവിതനിലവാരവും കൂടി കണക്കിലെടുക്കണമെന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു. ആദ്യമായി വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും നിലവിലുള്ള വീട് മാറി ചെറിയ വീടുകളിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്കും ഓട്ടവ റീജിയണിലെ ഈ നഗരങ്ങൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്.
