ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ വീണ്ടും നാടകീയ നീക്കങ്ങൾ. ഹോർമുസ് കടലിടുക്കിലേക്ക് നീങ്ങിയ യുഎസ് യുദ്ധക്കപ്പൽ ഇറാന്റെ ശക്തമായ മുന്നറിയിപ്പിനെത്തുടർന്ന് പിൻവാങ്ങി. ഇസ്ലാമാബാദിൽ ഇരുരാജ്യങ്ങളും തമ്മിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് കടലിൽ സംഘർഷാവസ്ഥ ഉടലെടുത്തത്.
ഫുജൈറ തുറമുഖത്ത് നിന്ന് ഹോർമുസ് കടലിടുക്ക് ലക്ഷ്യമാക്കി യുഎസ് ഡിസ്ട്രോയർ കപ്പൽ നീങ്ങിയതാണ് പെട്ടെന്നുള്ള പിരിമുറുക്കത്തിന് കാരണമായത്. യുഎസ് കപ്പലിന്റെ നീക്കം ശ്രദ്ധയിൽപ്പെട്ട ഉടൻ ഇറാൻ ശക്തമായ മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിക്കുന്ന ഏതൊരു യുഎസ് കപ്പലും 30 മിനിറ്റിനുള്ളിൽ ആക്രമിക്കപ്പെടുമെന്നായിരുന്നു ടെഹ്‌റാന്റെ നിലപാട്.

നിലവിലെ പ്രകോപനപരമായ സാഹചര്യം ഇറാൻ ഇസ്ലാമാബാദിലെ തങ്ങളുടെ പ്രതിനിധി സംഘത്തെയും ഔദ്യോഗികമായി അറിയിച്ചു. വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി പിരിമുറുക്കം അതിന്റെ ഉച്ചസ്ഥായിയിലെത്തിയെങ്കിലും, ഇറാന്റെ അന്ത്യശാസനത്തിന് പിന്നാലെ അമേരിക്കൻ കപ്പൽ റൂട്ട് മാറ്റി മടങ്ങുകയായിരുന്നു.
