കണ്ണൂർ:അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻരാജ് താമസിച്ച ഹോസ്റ്റൽ തടവറപോലെയെന്ന് ബന്ധുവിൻ്റെ ആരോപണം. രണ്ടുമാസം മുൻപ് പനിച്ചുവിറച്ച് കിടന്നപ്പോൾ ഒറ്റയ്ക്കൊരു മുറിയിലേക്ക് മാറ്റിയപ്പോൾ സഹപാഠികളെ അകറ്റിനിർത്തി. അവരുമായുള്ള ആശയവിനിമയംപോലും ഹോസ്റ്റൽ അധികൃതർ തടഞ്ഞുവെന്നും നിതിൻരാജിന്റെ സഹോദരി രാഖിയുടെ ഭർത്താവ് എസ്.എം.അശോക് കുമാർ പറഞ്ഞു. വിവരമറിഞ്ഞ് അശോക് കുമാറും ചില ബന്ധുക്കളും അഞ്ചരക്കണ്ടിയിലെത്തിയിരുന്നു. പറഞ്ഞറിയിക്കാനാകാത്ത പീഡനങ്ങളാണ് കോളേജ് അധികൃതരിൽ നിന്നും ചില വിദ്യാർഥികളിൽനിന്നും നേരിട്ടത്. റാഗിങ്ങും ജാതി അധിക്ഷേപവും നിറം പറഞ്ഞുള്ള അധിക്ഷേപവും എപ്പോഴുമുണ്ട്. അവനെ ഒറ്റപ്പെടുത്തുന്ന സമീപനമമായിരുന്നു കോളേജിൽ ഉണ്ടായിരുന്നത്. പരാതികൾ പറഞ്ഞപ്പോൾ അധികൃതർ ഗൗനിച്ചില്ല. സ്ഥിതി രൂക്ഷമായപ്പോൾ അവൻ പഠനം മതിയാക്കി വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങിയിരുന്നു. അപ്പോൾ എല്ലാവരും അവനെ സമാധാനിപ്പിച്ച് പഠനം തുടരാൻ പ്രേരിപ്പിച്ചു. ഈ ഘാതകന്മാരുടെ ഇടയിലേക്കാണല്ലോ തങ്ങളുടെ കുട്ടിയെ വിട്ടുകൊടുത്തതെന്നും അശോക് കുമാർ ചോദിക്കുന്നു. ചില സീനിയർ വിദ്യാർഥികൾ ശാരീരികമായി പീഡിപ്പിക്കുന്നതായി ചില വിദ്യാർഥികൾ തങ്ങളോട് കോളേജിലെത്തിയപ്പോൾ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്ലസ്‌ടുവിനുശേഷം നാലുവർഷം പ്രവേശനപരീക്ഷയ്ക്ക് തയ്യാറെടുത്താണ് കഴിഞ്ഞവർഷം നിതിൻരാജ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ പ്രവേശനം നേടിയത്. മാനേജ്‌മെന്റ് സീറ്റിലല്ലെങ്കിലും മറ്റ് ഫീസിനങ്ങളിലായി മുപ്പതിനായിരത്തോളം രൂപ തുടക്കത്തിൽ ചെലവായി. വാടകവീട്ടിലാണ് കുടുംബം കഴിയുന്നത്. ടി.വി. ചാനലുകളിൽ വാർത്ത കണ്ടാണ് നിതിന്റെ മരണം ഞങ്ങൾ അറിഞ്ഞത്. അതുവരെ കോളേജിൽനിന്ന് ആരും ഞങ്ങളെ വിളിച്ചറിയിച്ചില്ലെന്ന് അശോക് കുമാർ പറഞ്ഞു. ഉച്ചയ്ക്ക് 1.38-നാണ് നിതിനെ കോളേജ് കെട്ടിടത്തിനുതാഴെ വീണ നിലയിൽ കണ്ടത്. 3.35-നാണ് മരണം സ്ഥിരീകരിച്ചത്. അതിനുശേഷമാണ് മാധ്യമങ്ങളിൽ വാർത്ത വന്നത്. നിതിൻരാജ് ഗുരുതരാവസ്ഥയിലായിട്ടും ബന്ധുക്കളെ വിവരമറിയിച്ചില്ല. അഞ്ചുനിലയുള്ള കെട്ടിടത്തിന്റെ മുന്നിലായിരുന്നു നിതിൻരാജിനെ വീണനിലയിൽ കണ്ടത്. എത്രാമത്തെ നിലയിൽ നിന്നാണ് വീണതെന്ന് ആരും കണ്ടതായി വിവരമില്ലെന്നും അശോക് കുമാർ പറഞ്ഞു.
