Sunday, April 12, 2026

ഏഷ്യൻ വിപണികളിലെ സ്വീകാര്യതയിൽ പ്രതീക്ഷയർപ്പിച്ച് പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ കയറ്റുമതിക്കാർ

ഷാർലറ്റ്ടൗൺ: താരിഫുകൾ കനേഡിയൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഭീഷണിയാകുന്ന പശ്ചാത്തലത്തിൽ, ഏഷ്യൻ വിപണികളിൽ പ്രതീക്ഷയർപ്പിക്കുകയാണ്‌ പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ വ്യാപാരികൾ. സമുദ്രോത്പന്നങ്ങൾ മുതൽ പഴവർഗങ്ങൾ വരെയുള്ള ഉത്‌പന്നങ്ങൾ വിൽക്കുന്നതിനായി ഇപ്പോൾ ഏഷ്യൻ രാജ്യങ്ങളെയാണ് ഇവർ പ്രധാനമായും ലക്ഷ്യമിടുന്നത്. നിലവിൽ PEI-യുടെ കയറ്റുമതിയുടെ വലിയൊരു ഭാഗം യു.എസിലേക്കാണ്‌ പോകുന്നത്. എന്നാൽ 25% വരെ ഇറക്കുമതി നികുതി ഏർപ്പെടുത്തുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് വലിയ സാമ്പത്തിക പ്രതിസന്ധി വ്യാപാരികൾക്ക്‌ ഉണ്ടാക്കുന്നുണ്ട്‌. ഈയൊരു സാഹചര്യത്തിലാണ് പുതിയ ലക്ഷ്യത്തിലേക്ക് വ്യാപാരികൾ സഞ്ചരിക്കുന്നത്. ജപ്പാൻ, വിയറ്റ്നാം, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് വലിയ ഡിമാൻഡ് ഉള്ളതും പരമാവധി ഉപയോഗിക്കാനാണ്‌ ഇപ്പോൾ തീരുമാനമെ‌ടുത്തിരിക്കുന്നത്‌. പ്രത്യേകിച്ച് ഉന്നത നിലവാരമുള്ള സമുദ്രോത്പന്നങ്ങൾ (മത്സ്യം, ലോബ്സ്റ്റർ), ബ്ലൂബെറി തുടങ്ങിയ പഴവർഗങ്ങൾ എന്നിവയ്ക്ക് ഏഷ്യൻ വിപണിയിൽ നല്ല വില ലഭിക്കുന്നുണ്ട്. ‘ബ്രാൻഡ് കാനഡ’ എന്ന നിലയിൽ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിൽ ഏഷ്യൻ ഉപഭോക്താക്കൾക്ക് വലിയ വിശ്വാസമുണ്ട്.

രാഷ്ട്രീയ കാരണങ്ങളാൽ യുഎസ് വിപണിയിൽ തടസ്സങ്ങൾ ഉണ്ടായാലും ഏഷ്യൻ രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾ തങ്ങളെ സഹായിക്കുമെന്നാണ്‌ കയറ്റുമതിക്കാർ വിശ്വസിക്കുന്നത്‌. പുതിയ വിപണികൾ കണ്ടെത്തുന്നതിനും വ്യാപാര പ്രതിനിധി സംഘങ്ങളെ അയക്കുന്നതിനും പ്രൊവിൻഷ്യൽ സർക്കാരും ഫെഡറൽ സർക്കാരും വലിയ പിന്തുണയാണ് നൽകുന്നത്. വരാനിരിക്കുന്ന വ്യാപാര യുദ്ധത്തിന്റെ ആഘാതം കുറയ്ക്കാൻ ഇത്തരം നീക്കങ്ങൾ അത്യന്താപേക്ഷിതമാണ്. ദൂരക്കൂടുതൽ കാരണം ചരക്കുനീക്കത്തിനുള്ള ചെലവ് കൂടുന്നത്‌ വലിയ വെല്ലുവിളിയാണ്. എങ്കിലും, അമേരിക്കയെ മാത്രം വിശ്വസിച്ച് ബിസിനസ് മുന്നോട്ട് കൊണ്ടുപോകുന്നത് അപകടകരമാണെന്ന് വ്യാപാരികൾ തിരിച്ചറിഞ്ഞിട്ടുണ്ട്‌. ട്രംപിന്റെ നയങ്ങൾ കാനഡയുടെ പരമ്പരാഗത വ്യാപാര മേഖലകളിൽ ആശങ്കയുണ്ടാക്കുമ്പോൾ തന്നെ, കിഴക്കൻ രാജ്യങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനുള്ള പുതിയ വാതിലുകൾ തുറക്കുന്നതിനായി സാഹചര്യമൊരുക്കുകയാണ്‌ ഇവർ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!