ലബനൻ : ഇറാൻ– ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെ ലബനനിൽ ആക്രമണം രൂക്ഷമാക്കിയ ഇസ്രയേൽ, തെക്കൻ ലബനനിലെ അതിർത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകർത്തെന്ന് റിപ്പോർട്ട്. വീടുകളിൽ സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച ശേഷം റിമോർട്ട് കൺട്രോൾ വഴി തകർക്കുകയാണെന്ന് ‘ദ് ഗാർഡിയൻ’ റിപ്പോർട്ട് ചെയ്തു.
ഇസ്രയേൽ പുറത്തിവിട്ട സ്ഫോടന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിർത്തി ഗ്രാമങ്ങളായ ടൈബെ, നാഖൗറ, ഡീർ സെറിയൻ എന്നിവിടങ്ങളിലാണ് കൂടുതൽ ആക്രമണങ്ങൾ. മറ്റിടങ്ങളിലും സ്ഫോടനങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ചില ലബനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഇത് സാധൂകരിക്കുന്ന ദൃശ്യങ്ങൾ ലഭ്യമായിട്ടില്ല.

ഗാസയിലും റഫയിലും ചെയ്തതു പോലെ ഇസ്രയേലിനു ഭീഷണിയുയർത്തുന്ന മേഖലകളെ പൂർണമായും തകർക്കണമെന്ന പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സിന്റെ ആഹ്വാനത്തിന് പിന്നാലെയാണ് സ്ഫോടനങ്ങളെന്ന് ഗാർഡിയന്റെ റിപ്പോർട്ടിൽ പറയുന്നു.
ഇസ്രയേൽ ലക്ഷ്യമിടുന്നത് ഹിസ്ബുല്ലയുടെ സൈനിക കേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളുമാണെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. തെക്കൻ ലബനന്റെ വലിയൊരു ഭാഗം പിടിച്ചെടുക്കുമെന്നും, ലിത്താനി നദി വരെയുള്ള എല്ലാ പ്രദേശത്തും സുരക്ഷാ മേഖല സ്ഥാപിക്കുമെന്നും ഇസ്രയേൽ പറഞ്ഞിട്ടുണ്ട്. അതേസമയം, ഇസ്രയേൽ ചെയ്യുന്നതു യുദ്ധക്കുറ്റമാണെന്ന് മനുഷ്യാവകാശ സംഘടനകൾ വിമർശിക്കുന്നുണ്ട്.
