തിരുവനന്തപുരം: കേരളത്തിൽ ഭരണവിരുദ്ധവികാരമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യുഡിഎഫ് അവകാശവാദം നടക്കില്ലെന്നും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. 2016-ഉം 2021-ഉം ആവർത്തിക്കുമെന്നും എം.വി. ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
‘ഉത്തരേന്ത്യയിൽ കാണുന്നതുപോലെയുള്ള ചില വൈകൃതങ്ങൾവരെ കേരളത്തിൽ കാണുകയുണ്ടായി. യുഡിഎഫും ബിജെപിയും പണം ഒഴുക്കി. പണം എറിഞ്ഞ് വോട്ടുപിടിക്കാനുള്ള ശ്രമം ഉണ്ടായി. സർക്കാരിന്റെ പ്രവർത്തനത്തിൽ ജനത്തിന് മതിപ്പുണ്ട്. ജനങ്ങൾക്ക് വേണ്ടത് തുടർഭരണമാണ്. വിശദമായി പരിശോധിച്ചു. ഇത്തവണയും തൊണ്ണൂറിലധികം സീറ്റ് നേടി എൽഡിഎഫ് അധികാരത്തിൽവരും എന്നകാര്യത്തിൽ യാതൊരു സംശയവുമില്ല. ബിജെപി ഒരു സീറ്റിൽ പോലും വിജയിക്കില്ല. കേരളം സതീശനോട് ക്ഷമിക്കും. വി.ഡി. സതീശൻ സന്യാസത്തിന് പോകേണ്ടതില്ല’, എം.വി. ഗോവിന്ദൻ പറഞ്ഞു. ‘സിപിഎം വിട്ടവർ ഒരു മണ്ഡലത്തിലും ജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഎഫ് നേതാക്കളും മാധ്യമങ്ങളും തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ വലിയ അവകാശവാദങ്ങളാണ് മുന്നോട്ടുവെക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മന്ത്രിസഭാ രൂപീകരണം പോലും സാങ്കൽപ്പികമായി നടത്തിക്കഴിഞ്ഞിരുന്നു. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിസ്ഥാനം പങ്കുവെക്കുന്ന കാര്യംപോലും അന്ന് ചർച്ചചെയ്തു. മന്ത്രിമാരുടെ ലിസ്റ്റും പേഴ്സണൽ സ്റ്റാഫുകളുടെ റിക്രൂട്ട്മെന്റുമെല്ലാം പുറത്തുവന്നത് അറിയാം. എന്നാൽ, തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ 99 സീറ്റ് നേടി എൽഡിഎഫ് അധികാരത്തിലെത്തി. ഇപ്രാവശ്യവും ചർച്ചകളെല്ലാം നടക്കുന്നുണ്ട്. വെടിനിർത്തി, മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കട്ടെ എന്ന സ്ഥിതിയിലെത്തി’, എം.വി. ഗോവിന്ദൻ പറഞ്ഞു.
