ഓട്ടവ: കാനഡയിൽ മരണകാരണങ്ങളിൽ ഒന്നാമതായി കാൻസർ തുടരുന്നുവെന്നും വരും വർഷങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകുമെന്നും പുതിയ പഠനങ്ങൾ. കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ (CMAJ) പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, 2026-ൽ മാത്രം ഏകദേശം 2,54,000 പുതിയ കാൻസർ കേസുകളും ഉണ്ടായേക്കുമെന്നാണ് കണക്കാക്കുന്നത്. ജീവൻ നഷ്‌ടപ്പെടുമെന്ന കേസുകൾ കൂടുമെന്നും പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. ശ്വാസകോശം, സ്തനാർബുദം, പ്രോസ്റ്റേറ്റ്, കൊളോറെക്റ്റൽ (വൻകുടൽ) എന്നീ നാല് പ്രധാന കാൻസറുകളാണ് പുതിയ കേസുകളിൽ പകുതിയോളവും വരുന്നത്. 2026-ൽ സംഭവിക്കാവുന്ന അഞ്ചിൽ ഒന്ന് കാൻസർ മരണങ്ങൾക്കും കാരണം ശ്വാസകോശാർബുദമായിരിക്കും. സ്ത്രീകളിൽ ശ്വാസകോശാർബുദം വർധിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വൻകുടലിലെ അർബുദം മുൻകാലങ്ങളെ അപേക്ഷിച്ച് യുവാക്കളിൽ വർധിക്കുന്നത് ഗൗരവകരമായ സാഹചര്യമാണെന്ന് വിദഗ്ധർ പറയുന്നു. ജീവിതശൈലിയിലെ മാറ്റങ്ങളും ഭക്ഷണരീതിയുമാണ് ഇതിന് പ്രധാന കാരണമായി കരുതുന്നത്. ഗർഭാശയ ഗള അർബുദം, തലയിലും കഴുത്തിലുമുണ്ടാകുന്ന അർബുദം എന്നിവ തടയാൻ എച്ച്.പി.വി (HPV) വാക്സിനേഷൻ ഊർജിതമാക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു.

ശരിയായ സമയത്തുള്ള പരിശോധനകളിലൂടെയും ആരോഗ്യകരമായ ജീവിത ശൈലിയിലൂടെയും രോഗസാധ്യത കുറയ്ക്കാൻ സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. വൻകുടലിലെ അർബുദം നേരത്തെ കണ്ടെത്താനായി പരിശോധനാ പ്രായം 50-ൽ നിന്ന് 45 ആയി കുറയ്ക്കണമെന്ന് കനേഡിയൻ കാൻസർ സൊസൈറ്റി നേരത്തെ ശുപാർശ ചെയ്തിരുന്നു. ചികിത്സാരംഗത്തെ പുരോഗതി മൂലം മരണനിരക്കിൽ നേരിയ കുറവുണ്ടെങ്കിലും, ജനസംഖ്യയിലെ വർധനവും പ്രായമേറുന്നതും രോഗികളുടെ എണ്ണം കൂടാൻ കാരണമാകുന്നുണ്ട്. അമിതവണ്ണം, വ്യായാമമില്ലായ്മ, മദ്യപാനം, പുകയില ഉപയോഗം എന്നിവ ഒഴിവാക്കുന്നത് ഒരു പരിധിവരെ രോഗത്തെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് ആരോഗ്യരംഗത്തെ വിദഗ്‌ദ്ധർ പറയുന്നു.
